കൊട്ടാരക്കര: കൊട്ടാരക്കര ചന്തമുക്കിൽ മഴക്കാല വെള്ളക്കെട്ടിന് പരിഹാരമായി മണ്ണും മാലിന്യവും നിറഞ്ഞ ഓടകൾ വൃത്തിയാക്കാൻ തുടങ്ങി. ഇന്നലെ രാവിലെ നഗരസഭ ചെയർമാൻ എ.ഷാജുവിന്റെ നേതൃത്വത്തിലാണ് ഓട നവീകരണ ജോലികൾ തുടങ്ങിയത്. ജെ.സി.ബി ഉപയോഗിച്ച് ഓടകളുടെ മൂടി നീക്കി മാലിന്യം പുറത്തെടുക്കുകയാണ്. പൊട്ടിയ മേൽമൂടികൾ മാറ്റി സ്ഥാപിക്കാനും ആലോചനയുണ്ട്. ചെറിയ മഴ പെയ്താൽപോലും ചന്തമുക്കിൽ വലിയ വെള്ളക്കെട്ടുണ്ടാകാറുണ്ട്. കൊല്ലം-തിരുമംഗലം ദേശീയപാതയുടെ ഭാഗത്ത് ഒരു വർഷം മുമ്പ് ഓട നവീകരിച്ചിരുന്നു. പുത്തൂർ റോഡ് തുടങ്ങുന്ന ഭാഗത്തെ ഓടകൾ അടഞ്ഞുകിടന്നിട്ട് മാസങ്ങളായി. എല്ലായിടവും വൃത്തിയാക്കി വെള്ളം ഒഴുകിപോകാനുള്ള സംവിധാനമാണ് ഉണ്ടാക്കുന്നത്.