കടയ്ക്കൽ : താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തുക അനുവദിച്ചു. സംസ്ഥാനത്തെ 27 ആശുപത്രികളുടെ സമഗ്ര വികസനം ആർദ്രം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹിക്കുന്നതിനാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് 2.10 കോടി രൂപ അനുവദിച്ചത്. ആധുനിക രീതിയിൽ ആശുപത്രി നിർമ്മിച്ച് രോഗി സൗഹൃദമാക്കുന്ന തരത്തിലാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കുക. എല്ലാ സ്‌പെഷ്യാലിറ്റികളും ഒരുക്കുന്നതിനാവശ്യമായ സൗകര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. താലൂക്ക്, ജില്ലാ ആശുപത്രികളെ സമ്പൂർണ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മാസ്റ്റർപ്ലാൻ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന മുറയ്ക്ക് കിഫ്ബിയിലൂടെ ഫണ്ട് ലഭ്യമാക്കും എന്ന് മന്ത്രി വീണ ജോർജ്ജ് അറിയിച്ചു.

ആധുനിക ലേബർ റൂം, കുട്ടികളുടെ വാർഡ്, ജനറൽ വാർഡ്, സർജിക്കൽ വാർഡ്, സൗകര്യപ്രദമായ രോഗി സൗഹൃദ ഒ.പി., വെയിറ്റിംഗ് ഷെഡ്, മോഡേൺ ഡ്രഗ് സ്റ്റോർ, ഫാർമസി, ലബോറട്ടറി, എക്സ്‌റേ, സിടി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. കെട്ടിടം, ഫർണിച്ചർ, ഉപകരണങ്ങൾ തുടങ്ങിയവയുൾപ്പെടെയാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നത്.

കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്റെ അദ്ധ്യക്ഷതയിൽ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ആശുപത്രി വികസന സമിതി യോഗം സ്ഥലം എം. എൽ .എ കൂടിയായ മന്ത്രി ജെ .ചിഞ്ചുറാണിയുടെ സാന്നിദ്ധ്യത്തിൽ ചേർന്നിരുന്നു. തുടർന്ന് നൽകിയ നിവേദനങ്ങളുടെ ഭാഗമായിട്ടാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയും ആർദ്രം മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടത്.