കൊട്ടാരക്കര: മത്സ്യ ഫെഡിന്റെ അന്തിപ്പച്ച മത്സ്യ വിൽപ്പന വാഹനത്തിൽ കണ്ടെയ്നർ മീൻ വില്പന നടത്തിയെന്ന പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭ അധികൃതരും പരിശോധന നടത്തി. കണ്ടെയ്നർ വാഹനത്തിൽ നിന്ന് കൊട്ടാരക്കര വച്ച് അന്തിപ്പച്ച വാഹനത്തിലേക്ക് മത്സ്യം കയറ്റുന്നതായി ചിത്രങ്ങളും വീഡിയോയും പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്നലെ വില്പനക്ക് കൊണ്ടുവന്ന മത്സ്യത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്കായി അനലറ്റിക്കൽ ലാബിൽ അയച്ചു. പരിശോധ ഫലം വരുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നഗരസഭ ചെയർമാൻ, കൊട്ടാരക്കര സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ എസ്.നിഷാറാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അന്തിപ്പച്ചയ്ക്കുവേണ്ടി തിരുവനന്തപുരം അഞ്ചുതെങ്ങിൽ നിന്ന് മത്സ്യം കൊണ്ടുവരാനാണ് ഓർഡർ നൽകിയിരുന്നതെന്നും ഇവിടെ താമസമുണ്ടായതിനാൽ ചുമതലപ്പെടുത്തിയ ആൾ സ്വന്തം നിലയിൽ മത്സ്യം എത്തിയ്ക്കുകയായിരുന്നുവെന്നും മത്സ്യഫെഡ് മാനേജർ നഗരസഭ ചെയർമാനെ അറിയിച്ചിട്ടുണ്ട്. ജെ. മേഴ്സിക്കുട്ടിഅമ്മ മന്ത്രിയായിരിക്കെയാണ് അന്തിപ്പച്ച എന്ന പേരിൽ വാഹനത്തിൽ മൽസ്യവിൽപ്പന ആരംഭിച്ചത്. നല്ല മത്സ്യം ന്യായ വിലക്ക് ജനങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. കൊല്ലം കടപ്പുറങ്ങളിൽ നിന്ന് രാവിലെ പിടിക്കുന്ന മത്സ്യം ഉച്ചകഴിയുമ്പോൾ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെത്തിച്ച് വിൽപ്പനടത്തി വരികയായിരുന്നു. കാലപ്പഴക്കം ചെന്ന മത്സ്യം അന്തിപ്പച്ചയിലൂടെ വില്പന നടത്തിയെന്ന് ആരോപിച്ച് ഇന്നലെ ബി.ജെ.പിയും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.