mathi

കൊല്ലം: കേരള തീരത്തുനിന്ന് 'നാടുവിട്ട' നെയ്‌മത്തി പെരുമഴയ്ക്ക് പിന്നാലെ വലകളിൽ നിറയുന്നു. ട്രോളിംഗ് കാലമായതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കാണ് നല്ല കോള് ലഭിച്ചുതുടങ്ങിയത്.

കഴിഞ്ഞ പത്തുവർഷത്തിനിടയിൽ നെയ്‌മത്തി ലഭ്യത വളരെ കുറവായിരുന്നു. വള്ളക്കാർക്ക് അരക്കുട്ടപോലും തികച്ച് കിട്ടിയിരുന്നില്ല.

നെയ് കുറഞ്ഞതും നീളമുള്ളതുമായ മത്തിയും ചാളയുമായിരുന്നു നേരത്തെ കൂടുതലായി ലഭിച്ചിരുന്നത്. നീളമുള്ള മത്തിക്ക് രുചിയില്ലാത്തതിനാൽ ആവശ്യക്കാരും കുറവായിരുന്നു. അതിനാൽ കൂടുതലും ഉണക്കമീനായി മാറ്റുകയായിരുന്നു.

കൊല്ലം,​ വിഴിഞ്ഞം തീരങ്ങളിലാണ് നേരത്തെ നെയ്‌മത്തി കൂടുതലായി ലഭിച്ചിരുന്നത്. കൊച്ചി,​ കോഴിക്കോട് തീരങ്ങളിൽ ലഭ്യമാണെങ്കിലും അളവ് കുറവായിരുന്നു. നിറയെ മുട്ടയോടെ കിട്ടുന്ന നെയ്‌മത്തിക്ക് ഇപ്പോൾ ആവശ്യക്കാരും ഏറിയിരിക്കുകയാണ്.

ചൂട് കൂടി, ഓട്ടം തുടങ്ങി

കടലിലെ ആവാസവ്യവസ്ഥയിലുണ്ടായ വ്യതിയാനമാണ് നെയ്‌മത്തി ലഭ്യത ഇടിയാൻ കാരണം. സ​മു​ദ്ര​ത്തി​ലെ താ​പ​വ​ർ​ദ്ധ​നയും രാ​സ​മാ​ലി​ന്യവുമൊക്കെ തീ​ര​ക്ക​ട​ലി​ൽ നിന്ന് നെയ്‌മ​ത്തിയെ അകറ്റി. ത​ണു​പ്പു​ള്ള ജ​ലാ​ശ​യ​ങ്ങ​ൾ തേ​ടി മ​ത്സ്യ​ങ്ങ​ൾ നീ​ങ്ങു​ന്നതായാണ് പഠനങ്ങൾ പറയുന്നത്.

വില

കിലോയ്ക്ക്: 300-350 രൂപ

ഇപ്പോൾ: 260 - 275 രൂപ

നെയ്‌മത്തി ഇനങ്ങൾ: 05

(തല,​ വാൽ,​ മുട്ടകളുടെ സാന്നിദ്ധ്യം എന്നിവ അടിസ്ഥാനമാക്കി)​

ആവശ്യക്കാരില്ലാതെ ഒമാൻ മത്തി


അയലയോളം വലിപ്പമുള്ള ഒമാൻ മത്തി കിലോ 200 രൂപയ്ക്ക് ലഭിക്കുമെങ്കിലും ആവശ്യക്കാർ കുറവാണ്. രുചികരമല്ലാത്തതിൽ ഉണക്കിയാലും ആരും വാങ്ങാറില്ല. മത്തി പിടിച്ച് മാസങ്ങൾ കഴിഞ്ഞാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇതാണ് രുചിക്കുറവിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു.

''

നെയ്‌മത്തി കേരള തീരത്ത് കുറഞ്ഞു. ആവാസ വ്യവസ്ഥയിലുണ്ടായ വ്യതിയാനമാണ് കാരണം. പഠനങ്ങൾ നടന്നുവരുന്നു. ലഭ്യത കൂടിയത് ശുഭസൂചനയാണ്.

ഡോ. എസ്.കെ. രാജൻ

മുൻ അസി. ഡയറക്ടർ, സി.എം.എഫ്.ആർ.ഐ, ചെന്നൈ

''

അരക്കുട്ടപോലും കിട്ടാതിരുന്ന നെയ്‌മത്തി ഇപ്പോൾ ആവശ്യം പോലെ ലഭിക്കുന്നുണ്ട്. എത്ര കിട്ടിയാലും നല്ലവില ലഭിക്കും. ആവശ്യക്കാരും വർദ്ധിച്ചു.

വിൻസെന്റ്

മത്സ്യത്തൊഴിലാളി, വാടി