പത്തനാപുരം : പണിതീരാതെ ഉദ്ഘാടനം നടത്തിയ പത്തനാപുരം ഷോപ്പിംഗ് മാളിന്റെ താഴത്തെ നിലയിൽ നാലടിയോളം ഉയരത്തിൽ വെള്ളക്കെട്ട്. മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്ത് അധികാരികളോ , എം.എൽ.എയോ ഈ വിഷയത്തിൽ ഇടപെടാതത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രതീകാത്മകമായി തോണിയിറക്കിയും ചൂണ്ടയിട്ടും പ്രതിഷേധിച്ചു. ഉദ്ഘാടന സമയത്ത് തന്നെ ബി.ജെ.പിയും യുവമോർച്ചയും നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിരുന്നു. പണി പൂർത്തിയാകാതെ കാലവധി പൂർത്തിയാകും മുൻപ് മുൻ പഞ്ചായത്ത് ഭരണ സമതി ഉദ്ഘാടന മാമാങ്കം നടത്തിയും വൻകിട വ്യവസായ ലോബികൾക്ക് വാർഷിക അടിസ്ഥാനത്തിൽ വാടകയ്ക്ക് നല്കിയും പൊതു ജനങ്ങളെയും വ്യാപാരികളെയും കബളിപ്പിച്ചതിൽ പ്രതിഷേധം ശക്തമാണ്. വെള്ളക്കെട്ട് മാറ്റി പണികൾ പൂർത്തീകരിച്ച് ചെറുകിട വ്യാപാരികൾക്കും നാട്ടുകാർക്കും ഉപകാരമാകുന്ന രീതിയിൽ എത്രയും പെട്ടെന്ന് മാൾ തുറന്നു പ്രവർത്തനം ആരംഭിക്കണമെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബി. ബബുൽ ദേവ് പറഞ്ഞു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടി മണ്ഡലം ജനറൽ സെക്രട്ടറി ആശിഷ് കൃഷ്ണൻ, മണ്ഡലം സെക്രട്ടറി ദിലീപ് വെട്ടിക്കവല,മണ്ഡലം കമ്മിറ്റി അംഗം ശരത്ത് തലച്ചിറ എന്നിവർ പങ്കെടുത്തു.