പരവൂർ: മണിയംകുളം ഗവ. യു.പി.എസിന്റെയും ഗ്രാമശ്രീയുടെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വീട്ടിലെത്തിച്ച് നൽകുന്ന അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. സ്കൂൾ വിദ്യാർത്ഥി ബി. സച്ചുവിന് പുസ്തകം വീട്ടിലെത്തി കൈമാറി നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമശ്രീ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ആരിഫ, സ്കൂൾ എച്ച്.എം എസ്. സുധ, പി.ടി.എ പ്രസിഡന്റ് പി. ജയശ്രീ, എ. നെജീബ്, മനു പ്രസാദ്, എ. അനന്തു തുടങ്ങിയവർ സംസാരിച്ചു. പദ്ധതി പ്രകാരം അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന നൂറോളം കുട്ടികൾക്ക് ആഴ്ചയിൽ ഒരു പുസ്തകം വീതം ഗ്രാമശ്രീ വോളണ്ടിയർമാർ വീട്ടിലെത്തിച്ചുനൽകും.