railway
തലയിണക്കാവ് റെയിൽവേ അടിപ്പാത നിർമ്മിക്കുന്ന സ്ഥലത്ത് റെയിൽവേ ലൈനിന് ഇരുവശവുമായി സ്ഥാപിച്ച ഇരുമ്പ് ബോക്സുകൾ

പടിഞ്ഞാറേ കല്ലട: പ്രദേശവാസികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മാർച്ചിൽ പണിയാരംഭിച്ച തലയിണക്കാവ് റെയിൽവേ അടിപ്പാതയുടെ നിർമ്മാണം നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. കൊവിഡ് രണ്ടാംഘട്ട വ്യാപനത്തെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ അടിപ്പാതാ നിർമ്മാണത്തിലേർപ്പെട്ടിരുന്ന വടക്കേ ഇന്ത്യൻ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. അവർ ഇതുവരെ തിരിച്ചെത്താത്തതിനാലാണ് പണി മുടങ്ങിയത്. ഇനി തൊഴിലാളികൾ മടങ്ങിയെത്തിയാൽപ്പോലും മഴക്കാലം മാറിയാലേ പണിതുടങ്ങാൻ കഴിയൂ. മഴക്കാലത്ത് അടിപ്പാത നിർമ്മിക്കുന്ന സ്ഥലത്തെ മണ്ണും അപ്രോച്ച് റോഡിന്റെ മണ്ണും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നത് ശ്രമകരമായ ദൗത്യമാണ്. 7 മീറ്റർ പൊക്കത്തിലും 4 മീറ്റർ വീതിയിലുമാണ് അടിപ്പാത നിർമ്മിക്കുന്നത്. കൂടാതെ 45 മീറ്റർ നീളത്തിൽ റെയിൽവേ ലൈനിന് ഇരുവശവുമായി സമാന്തര റോഡും നിർമ്മിക്കുന്നുണ്ട്. ഏകദേശം രണ്ടു കോടി രൂപയാണ് നിർമാണച്ചെലവ്.

3 മാസത്തിനകം പണി പൂർത്തീകരിക്കും

കാലാവസ്ഥ അനുകൂലമായാൽ മൂന്ന് മാസത്തിനകം പണി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. തലയിണക്കാവ് റെയിൽവേ ഗേറ്റ് യാഥാർത്ഥ്യമായാൽ പടിഞ്ഞാറേ കല്ലട പഞ്ചായത്തിന്റെ സമഗ്ര വികസനം സാദ്ധ്യമാകും. സംസ്ഥാന പാതയായ ചവറ - അടൂർ റോഡിനെയും ദേശീയ പാതയായ കൊല്ലം - തേനി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കാരാളിമുക്ക് വളഞ്ഞ വരമ്പ് കടപുഴ റോഡിലാണ് അടിപ്പാത നിർമ്മിക്കുന്നത്.

പെരുമൺ, കണ്ണങ്കാട് പാലങ്ങൾ

അഷ്ടമുടിക്കായലിന് കുറുകേയുള്ള പെരുമൺ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. കല്ലടയാറ്റിന് കുറുകേ കണ്ണങ്കാട് പാലം നിർമ്മിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിച്ചു വരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ എത്രയും വേഗം തലയിണക്കാവ് അടിപ്പാതയുടെ പണി പുനരാരംഭിക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റെയിൽവേ അടിപ്പാത

ഉയരം : 7 മീറ്റർ

വീതി: 4 മീറ്റർ

45 മീറ്റർ നീളത്തിൽ റെയിൽവേ ലൈനിന് ഇരുവശവുമായി സമാന്തര റോഡ് നിർമ്മിക്കും

നിർമാണച്ചെലവ് : 2 കോടി