അഞ്ചൽ: പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷനിൽ കൊവിഡ് പ്രതിസന്ധി മൂലം ജോലിക്ക് വരാൻ കഴിയാതിരുന്ന മുഴുവൻ സ്ഥിരം, കാഷ്വൽ തൊഴിലാളികൾക്കും ശമ്പളം നൽകാനും ആശ്രിത തൊഴിലാളികൾക്ക് സർക്കാർ അനുമതിക്ക് വിധേയമായി സമാശ്വാസ ധനസഹായം നൽകാനും തീരുമാനമായി. കെ .ബി. ഗണേശ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയൻ നേതാക്കളും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. വിവിധ തൊഴിലാളി യൂണിയനുകൾ മന്ത്രിക്കും മാനേജ്മെന്റിനും നിവേദനം നൽകിയതിനെ തുടർന്നായിരുന്നു ചർച്ച. മാനേജ്മെന്റിന് വേണ്ടി മാനേജിംഗ് ഡയറക്ടർ എസ് .കെ. സുരേഷും കോർപ്പറേഷനിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് ജിയാസുദീൻ,സി .ആർ .നജീബ്, ചെമ്പനരുവി മുരളി,എസ്. ഷാജി,കറവൂർ വർഗീസ്, റിയാസ് മുഹമ്മദ്‌, സി .എ.പ്രസാദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.