തഴവ: ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്മാർട്ട് ഫോണില്ലാത്ത സഹോദരിയുടെ സങ്കടം ചേട്ടൻ ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രിക്ക് സന്ദേശമായി അയച്ചതോടെ അടിയന്തര സഹായമെത്തി. കുലശേഖരപുരം ആദിനാട് വടക്ക് പ്രസന്നഭവനിൽ ബി.ടെക് മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായ അഭിമോൾക്ക് വേണ്ടിയാണ് സഹോദരൻ അഭിജിത് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന് മൊബൈൽ സന്ദേശമയച്ചത്. കൂലിപ്പണിക്ക് പോകുന്ന രക്ഷിതാക്കളുടെ ചെറിയ വരുമാനത്തിൽ വാടകവീട്ടിലാണ് ഇവർ കഴിയുന്നത്. ലോക്ക് ഡൗൺ തുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഒാൺലൈൻ പഠനത്തിന് മൊബൈൽ വാങ്ങാൻ പണമില്ലെന്നുമായിരുന്നു സന്ദേശം.
വിവരം വായിച്ചറിഞ്ഞ മന്ത്രി അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. ഇന്ദുലാലിന് ഉചിതമായ നടപടി കൈക്കൊള്ളാൻ നിർദേശം നൽകി. ഇതനുസരിച്ച് എ.കെ.പി.സി.ടി.എ കായംകുളം എം.എസ്.എം യൂണിറ്റിന്റെ സഹായത്തോടെ വിദ്യാർത്ഥിനിക്ക് ലാപ്ടോപ് വീട്ടിലെത്തിച്ച് നൽകുകയായിരുന്നു.