പുനലൂർ: മണ്ഡ‌ലത്തിലെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും ഓൺ ലൈൻ പഠനം ഉറപ്പ് വരുത്തുമെന്ന് പി.എസ്.സുപാൽ എം.എൽ.എ. പുനലൂർ,അ‌ഞ്ചൽ വിദ്യാഭ്യാസ ഉപ ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിലവിൽ നേരിടുന്ന വിഷമതകൾ, ഓൺലൈൻ പഠന സൗകര്യങ്ങളുടെ അപര്യാപ്തതകൾ, ഭൗതീക സാഹചര്യങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്തു പരിഹാരം കണ്ടെത്താൻ സ്കൂൾ പ്രഥമാദ്ധ്യാപകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരുമായി ഓൺലൈനിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠന സൗകര്യങ്ങളില്ലാത്ത കുട്ടികളെ കണ്ടെത്തി സ്കൂളിൽ തന്നെ സഹായ സമിതികൾ രൂപികരിച്ച് പഠനം ഉറപ്പ് വരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ത്രിതല പഞ്ചായത്തുകളിൽ കൂടുതൽ പഠന മുറികൾ സ‌ജ്ജീകരിച്ച് വിദ്യാഭ്യസ സൗകര്യം ഒരുക്കുവാനും അത്തരം കേന്ദ്രങ്ങളിൽ എല്ലാ അദ്ധ്യാപകരുടെയും സാന്നിദ്ധ്യം പുനലൂരിലെ ഡി.ഇ.ഒയും എ.ഇ.ഒ.മാരും ചേർന്ന് ഉറപ്പ് വരുത്തണം. വൈദ്യുതിയില്ലാത്ത വിദ്യാർത്ഥികളുടെ വീടുകളുടെ വിവരങ്ങൾ അടുത്ത ദിവസം ബന്ധപ്പെട്ടവർ നൽകണം. വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് വീടുകളിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. റെയ്ഞ്ചുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാൻ ബി.എസ്.എൻ.എൽ അധികൃതരെ ചുമതലപ്പെടുത്തി. വനമദ്ധ്യത്തിലെ അച്ചൻകോവിൽ സ്കൂളിലെ അദ്ധ്യാപകരുടെ കുറവ് ഒരാഴ്ചക്കുളളിൽ പരിഹരിക്കുമെന്നും മറ്റ് സ്കൂളുകളിലെ അദ്ധ്യാപകരുടെ ഒഴി വ് പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടുമെന്നും ജില്ലാ വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടർ എം.എൽ.എയെ അറിയിച്ചു.പുനലൂർ എ.ഇ.ഓഫീസിൽ ചേർന്ന ഓൺ ലൈൻ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ‌യറക്ടർ, പുനലൂർ ഡി.ഇ.ഒ, പുനലൂർ,അഞ്ചൽ എ.ഇ.ഒമാർ, മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഓൺ ലൈൻ യോഗത്തിൽ പങ്കെടുത്തു.