കൊല്ലം: നാല്പത്തിയഞ്ച് ദിവസം നീണ്ടുനിന്ന അടച്ചുപൂട്ടലിന് ശേഷം ലോക്ക്ഡൗൺ പിൻവലിച്ചിട്ടും വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നത് വ്യാപാരികളോടും തൊഴിലാളികളോടുമുള്ള നീതി നിഷേധമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആരോപിച്ചു.
കുടുംബം പോറ്റാൻ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കാത്തത് കുത്തക സ്ഥാപനങ്ങളെയും ഓൺലൈൻ ഭീമന്മാരെയും സഹായിക്കാനാണെന്ന് യോഗം കുറ്റപ്പെടുത്തി. ടി.പി.ആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ഒരു മുനിസിപ്പാലിറ്റി പരിധിയുടെ ഒരറ്റത്ത് പൊസിറ്റീവ് കേസുകൾ കൂടുതലുണ്ടെങ്കിൽ 15 കിലോമീറ്ററപ്പുറത്തുള്ള അതിർത്തി വരെയും അടച്ചിടുന്നത് പ്രതിഷേധാർഹമാണ്.
ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബില്ലിലെ ഫിക്സഡ് ചാർജും മീറ്റർ വാടകയും ഒഴിവാക്കുക, വാക്സിൻ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ഭാരവാഹികളായ എസ്. കബീർ, ബി. രാജീവ്, എസ്. നൗഷറുദ്ദീൻ, എൻ. രാജീവ്, കെ.ജെ. മേനോൻ, എം.എം. ഇസ്മായിൽ, എ. അൻസാരി, കെ. ഷാജഹാൻ, ജി. രാജൻ കുറുപ്പ്, ഡി. വാവാച്ചൻ, എസ്. രമേശ്കുമാർ, ബി. പ്രേമാനന്ദ്, ബി. വേണുഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു.