കൊല്ലം: മലയാളി മനസുകളെ അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്തേയ്ക്ക് ആനയിക്കുകയും വായനയ്ക്ക് ജനകീയമുഖം നൽകുകയും ചെയ്ത പ്രതിഭാശാലിയായിരുന്നു പി.എൻ. പണിക്കറെന്ന് സാഹിത്യകാരൻ ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി എൻ. ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരനും പ്രസാദകനുമായ വി.ടി. കുരീപ്പുഴ വായനാദിന സന്ദേശം നൽകി. ശശി ഉദയഭാനു, മാർഷൽ ഫ്രാങ്ക്, രാമാനുജൻപിള്ള, സാജു നല്ലേപ്പറമ്പിൽ, ചെറുവയ്ക്കൽ ഗോപകുമാർ, എബ്രഹാം സാമുവൽ, കലയപുരം മോനച്ചൻ, ജോൺസൺ വൈദ്യർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന കവിയരങ്ങിൽ മണി കെ. ചെന്താപ്പൂര്, അനീഷ് കെ. അയിലറ, പി.എം. രശ്മിരാജ്, മാത്ര രവി, പ്രൊഫ. സാം പനംകുന്നേൽ, പുനലൂർ സി.ബി. വിജയകുമാർ, ഡോ. പെട്രീഷ്യ ജോൺ എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. വായനാ വാരാഘോഷത്തിന്റെ ഭാഗമായി നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സാഹിത്യ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.