കുന്നിക്കോട് : കുറ്റിക്കോണം തണ്ണിച്ചാലിൽ വളവുപച്ചയിൽ റോഡ് പുറമ്പോക്കിൽ പെട്ടിക്കട നടത്തിവന്നിരുന്ന വയോധിക ദമ്പതിമാരെ മർദ്ദിക്കുകയും പെട്ടിക്കട നശിപ്പിക്കുകയും ചെയ്തതായി പരാതി. മുൻ വിളക്കുടി ഗ്രാമപഞ്ചായത്ത് അംഗവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ.സജീവനെതിരെയാണ് റഹുമത്ത്(65), ഭർത്താവ് അബ്ദുൽസലാം(67) എന്നിവർ പരാതി നൽകിയത്.

സജീവൻ അബ്ദുൽസലാമിനെ കമ്പിപ്പാര കൊണ്ട് മർദ്ദിച്ചെന്നും ഭാര്യ റഹുമത്തിന്റെ അടിവയറ്റിൽ ചവിട്ടിയെന്നും പരാതിയിൽ പറയുന്നു . മർദ്ദനതിൽ പരിക്കേറ്റ ദമ്പതിമാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പുറമ്പോക്കിൽ താമസിക്കുന്ന ദമ്പതിമാർക്ക് വീടും സ്ഥലവും ലഭ്യമാക്കാൻ വാർഡംഗം പണം കൈപറ്റിയത് മറ്റുള്ളവരോട് പറഞ്ഞെന്നാരോപിച്ചായിരുന്നു തങ്ങളെ മർദ്ദിച്ചതെന്ന് ദമ്പതിമാർ പറഞ്ഞു. കുന്നിക്കോട് പൊലീസ് കേസെടുത്തു.