photo
പെരുംകുളം ബാപ്പുജി സ്മാരക വായനശാല

കൊല്ലം: അക്ഷരങ്ങളിലൂടെ നാടിന്റെ മുഖശ്രീ തെളിഞ്ഞതിന്റെ സന്തോഷത്തിലാണ് പെരുംകുളം ഗ്രാമം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പെരുംകുളത്തെ പു സ്തകഗ്രാമമാക്കി പ്രഖ്യാപിച്ചപ്പോൾ കൊവിഡ് നിയന്ത്രണൾ പാലിച്ചുകൊണ്ടുതന്നെ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നാട് ആഘോഷത്തിലായി. ബാപ്പുജി സ്മാരക വായനശാല സ്ഥാപിച്ച 11 പുസ്തക കൂടുകളും കാലേക്കൂട്ടി വൃത്തിയാക്കിയിരുന്നു. ഇന്നലെ രാവിലെ വിവിധ കോണുകളിലായി വായനശാല പ്രവർത്തകരും നാട്ടുകാരുമൊക്കെ ചേർന്ന് ഓരോ പുസ്തക കൂടിനും മാലചാർത്തി,​ പുസ്തക പൂജയും നടത്തി. അമരം പദ്ധതി പ്രദേശത്തും സ്റ്റേഡിയത്തിലുമായി അക്ഷര മരങ്ങൾ നട്ടു. വായനശാലയിൽ ഭരണസമിതി അംഗങ്ങൾ ഒന്നിച്ചിരുന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വീക്ഷിച്ചത്. എഴുത്തുകാരൻ എം.മുകുന്ദൻ ഓൺലൈനിലെത്തി വായനശാല പുറത്തിറക്കുന്ന നോവലിന് പേരിട്ടു. ഇരുപത്തൊന്ന് പേർ ചേർന്നാണ് നോവലെഴുതുന്നത്. "മഹാത്മ ഗ്രന്ഥശാല, കക്കാക്കുന്ന് പി.ഒ" എന്ന പേരാണ് എം.മുകുന്ദനിട്ടത്. ഓണത്തിന് പുസ്തകം പ്രകാശനം ചെയ്യാനാണ് തീരുമാനം. ഗാന്ധിജിയുടെ ആത്മകഥ പെരുംകുളത്തെ എല്ലാ വീടുകളിലും എത്തിയ്ക്കുന്നതിനുള്ള ശ്രമവും തുടങ്ങി. പുസ്തക ഗ്രാമമെന്ന് എഴുതിയ മൈൽകുറ്റികളും ബോർഡുകളുമൊക്കെ സ്ഥാപിച്ചുകഴിഞ്ഞു. കമാനങ്ങളടക്കം കൂടുതൽ സംവിധാനങ്ങൾ പിന്നാലെയൊരുക്കും.

ഒരു വർഷത്തെ ആഘോഷ പരിപാടികൾ

പുസ്തക ഗ്രാമമെന്ന ഖ്യാതിവന്നതോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് പെരുംകുളം ഗ്രാമവും വായനശാലയും പ്ളാൻ ചെയ്തിട്ടുള്ളത്. കൂടുതൽ ഇടങ്ങളിലേക്ക് പുസ്തക കൂടുകൾ സ്ഥാപിക്കും. മാസപത്രം പുറത്തിറക്കാനും സെമിനാറുകളും കവിയരങ്ങുകളും ചർച്ചകളും കലാവിരുന്നുമൊക്കെയായി ഒട്ടേറെ പരിപാടികൾ നടത്തുന്നുണ്ട്. നെൽക്കൃഷിയ്ക്ക് ആഴ്ചകൾക്ക് മുന്നേ തുടക്കമിട്ടു. കൃഷി കൂടുതൽ വിപുലമാക്കാനും തീരുമാനമുണ്ട്.

വായനപക്ഷാചരണം, പുസ്തകഗ്രാമ ഉത്തരവ് കൈമാറ്റം

ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 21ന് വൈകിട്ട് 5ന് ബാപ്പുജി സ്മാരക വായനശാലയിൽ വച്ച് വായനപക്ഷാചരണത്തിന് തുടക്കം കുറിയ്ക്കും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പുസ്തക ഗ്രാമപ്രഖ്യാപനത്തിന്റെ ഉത്തരവ് അദ്ദേഹം ലൈബ്രറി ഭാരവാഹികൾക്ക് കൈമാറും. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു വായനപക്ഷാചരണ സന്ദേശം നൽകും. ഡോ.പി.കെ.ഗോപൻ, ഡി.സുകേശൻ, എസ്.നാസർ,ജോ.വിജേഷ് പെരുംകുളം, ജെ.സി.അനിൽ, പെരുംകുളം രാജീവ്, പി.കെ.ജോൺസൺ, പി.ടി.ഇന്ദുകുമാർ, ആർ.രശ്മി, ഡി.എസ്.സുനിൽ, ആർ.രാജൻബോധി, എസ്.രഞ്ജിത്ത് കുമാർ, അഖില മോഹൻ, ആർ.പ്രഭാകരൻ നായർ എന്നിവർ പങ്കെടുക്കും.