ചാത്തന്നൂർ: ആറര പതിറ്റാണ്ടിലേറെയായി പത്രവിതരണ രംഗത്തുള്ള കേരളകൗമുദി ഏജന്റ് പള്ളിയഴികത്ത് ജി.ജി ഹൗസിൽ വികാസ് ജോർജിനെ നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരളയുടെ വായന വാരാഘോഷത്തിന്റെ ഭാഗമായി ആദരിച്ചു. ജോർജിന്റെ വീട്ടിലെത്തി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള പൊന്നാട അണിയിച്ചു.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ ജ്യേഷ്ഠൻ കൊച്ചുണ്ണിയോടൊപ്പമാണ് വികാസ് ജോർജ് പത്രവിതരണം ആരംഭിക്കുന്നത്. സഹോദരന്മാരും മക്കളും മരുമക്കളും ചെറുമക്കളുമെല്ലാം ഇന്നും പത്രവിതരണരംഗത്ത് സജീവമാണ്. കൗൺസിൽ പ്രസിഡന്റ് കെ.പി. ഹരികൃഷ്ണൻ, കൺവീനർ എച്ച്. സതീഷ് ചന്ദ്രബാബു, ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമിതിയംഗം ജി. രാജശേഖരൻ, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.