പടിഞ്ഞാറേകല്ലട: കൃഷിയില്ലാത്ത പാടശേഖരത്തിൽ ചൂണ്ടയിടാൻ പോകുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. മൂന്ന് യുവാക്കൾ നീന്തി രക്ഷപ്പെട്ടു. പടിഞ്ഞാറേകല്ലട വലിയപാടം ചെമ്പ് ഏലായിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.
വലിയപാടം പ്രണവത്തിൽ രഘുനാഥൻ പിള്ളയുടെ മകൻ ആദർശ് (24, അക്കു കുട്ടൻ), പടന്നയിൽ സേതുവിന്റെ മകൻ മിഥിൻനാഥ് (21, നന്ദു) എന്നിവരെയാണ് കാണാതായത്. അഞ്ചംഗസംഘം വള്ളത്തിൽ പോകുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ഈ ഭാഗത്ത് ചെളിയെടുത്തതിനാൽ വലിയ ആഴമുള്ളതായി നാട്ടുകാർ പറയുന്നു. ശാസ്താംകോട്ട പൊലീസും ഫയർഫോഴ്സും രാത്രി വൈകുവോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.