anilkumar-52

ഏരൂർ: ചില്ലിംഗ്പ്ലാന്റിന് സമീപം പ്രവർത്തിക്കുന്ന കെ.ടി.ഡി.സിയിലെ ജീവനക്കാരനെ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലഞ്ചേരി പട്ടേരിൽ വീട്ടിൽ അനിൽകുമാറാണ് (52) മരിച്ചത്.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് അവധിയായിരുന്നതിനാൽ ഒരു ജീവനക്കാരൻ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക. ഇന്നലെ രാവിലെ 9ഓടെ പകൽ ഡ്യൂട്ടിയിൽ പ്രവേശിച്ചതാണ്. ഗേറ്റും വാതിലുകളും അകത്തു നിന്ന് പൂട്ടിയിരുന്നു. വൈകിട്ട് 6 ഓടെ അടുത്ത ഷിഫ്ടിനുള്ള ജീവനക്കാരൻ എത്തിയെങ്കിലും അകത്ത് കടക്കാൻ കഴിഞ്ഞില്ല. മൊബൈൽ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. സമീപവാസിയുടെ സഹായത്തോടെ അകത്ത് കടന്ന് ജനൽ തുറന്ന് നോക്കിയപ്പോഴാണ് കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടത്. വിളിച്ചിട്ടും പ്രതികരിക്കാതിരുന്നതോടെ മനേജരെയും ഏരൂർ പൊലീസിനെയും വിവരം അറിയിച്ചു.

മാനേജരെത്തി പൊലീസിന്റെ സഹായത്തോടെ തുറന്ന് പരിശോധിച്ചപ്പോഴാണ് മരണം സംഭവിച്ചതായി അറിയുന്നത്. ഏരൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ലിജി. ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി അശ്വജിത്ത്, കരവാളൂർ എം.എച്ച് എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അശ്വജിന്ദ്ര എന്നിവരാണ് മക്കൾ.