മാറ്റുന്നത് പാലം പണിയെ തുടർന്ന്, ഇന്ന് പരീക്ഷണ ഓട്ടം
കൊല്ലം: പെരുമൺ പാലം നിർമ്മാണത്തിന്റെ ഭാഗമായി പേഴുംതുരുത്തിലെ ജങ്കാർ ജെട്ടി മാറ്റിസ്ഥാപിച്ചു. പട്ടംതുരുത്തിലെ ഇടച്ചാൽ കടവിലാണ് പുതിയ ജെട്ടി സ്ഥാപിച്ചത്. ഇവിടേക്ക് സർവീസ് മാറ്റുന്നതിന്റെ ഭാഗമായി വാഹനങ്ങൾ കയറ്റി ഇന്ന് പരീക്ഷണയോട്ടം നടത്തും. പെരുമണിലെ ജെട്ടി നേരത്തെ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് മാറ്റിയിരുന്നു.
പെരുമൺ - പേഴുംതുരുത്ത് യാത്രയ്ക്ക് നേരത്തെ അഞ്ചുമിനിട്ട് മാത്രം മതിയായിരുന്നത് പട്ടംതുരുത്തിലേക്ക് മാറ്റുമ്പോൾ 15 മിനിട്ട് വേണ്ടിവരും. ഇന്ധന ചെലവും കൂടുതലായിരിക്കും. നേരത്തെയുള്ള നിരക്കിൽ നിന്ന് ഒരു രൂപ കൂടി യാത്രക്കൂലി വർദ്ധിപ്പിച്ചിട്ടുണ്ട്. വലിയ വാഹനങ്ങൾ കയറ്റാൻ കഴിയാത്ത കടവിലേക്കാണ് സർവീസ് മാറ്റിസ്ഥാപിക്കുന്നത്. ഇത് വരുമാന നഷ്ടത്തിനിടയാക്കുമെന്ന ആശങ്കയിലാണ് കരാറുകാർ. ഇതിനുപുറമെ ട്രിപ്പുകളുടെ എണ്ണവും വെട്ടിക്കുറയ്ക്കേണ്ടി വരും.
ജലനിരപ്പ് കുറഞ്ഞു
കായലിൽ ജലനിരപ്പ് കുറഞ്ഞതോടെ ജങ്കാറിന്റെ അടിഭാഗം മണ്ണിലുറയ്ക്കാനുള്ള സാദ്ധ്യത നിലവിലുണ്ട്. ഏപ്രിൽ ആദ്യവാരം ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ഒരാഴ്ചയോളം സർവീസ് നിറുത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പേഴുംതുരുത്തിൽ നിന്ന് പത്ത് മിനിട്ടോളം അധികം ഓടേണ്ടിവരുന്ന ഭാഗത്തെ ആഴത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് ഇന്ന് പരീക്ഷണയോട്ടം നടത്തുന്നത്. അടിത്തട്ട് ഉറയ്ക്കുകയോ തട്ടുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ ഡ്രഡ്ജ് ചെയ്ത് മണ്ണ് മാറ്റിയശേഷം മാത്രമായിരിക്കും സ്ഥിരം സർവീസ് ആരംഭിക്കുക.
പെരുമൺ - പേഴുംതുരുത്ത് ജങ്കാർ സർവീസ്
ആരംഭിച്ചത്: 2011ൽ
നിലവിലെ ട്രിപ്പുകൾ: 54
പട്ടംതുരുത്തിലേക്ക് മാറുമ്പോൾ പ്രതീക്ഷിക്കുന്ന ട്രിപ്പുകൾ: 35
സർവീസ്: രാവിലെ 7 മുതൽ രാത്രി 8.30 വരെ