shaji
ഷാജിക്ക് കക്കൂസ് നിർമ്മിക്കാനുള്ള തുക ഇൻകാസ് യൂത്ത് വിംഗ് പ്രസിഡന്റ് ഹൈദർ തട്ടത്താഴത്ത് കൈമാറുന്നു

 വീട്ടിൽ ടോയ്ലെറ്റ് നിർമ്മിക്കാൻ സഹായം

ചാത്തന്നൂർ: ലോക്ക് ഡൗൺ കാലത്ത് പൊതുടോയ്ലെറ്റിലേക്ക് സത്യവാങ്മൂലമില്ലാതെ പോയതിന് രണ്ടായിരം രൂപ പിഴയടയ്ക്കേണ്ടി വന്ന ഓട്ടോഡ്രൈവർ ഷാജിക്ക് വീട്ടിൽ കക്കൂസ് നിർമ്മിക്കാൻ ധനസഹായം. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ ഇൻകാസിന്റെ യുവജന വിഭാഗം പ്രസിഡന്റ് ഹൈദർ തട്ടത്താഴത്താണ് ഷാജിയുടെ വീട്ടിലെത്തി സഹായധനം കൈമാറിയത്.

ഈ മാസം ആറിനാണ് പാരിപ്പള്ളി എഴിപ്പുറം സ്വദേശി ഷാജിയെ സമീപത്തെ പെട്രോൾ പമ്പിനോട് ചേർന്ന ടോയ്ലെറ്റിലേക്ക് പോകവേ പാരിപ്പള്ളി എസ്.ഐ തടഞ്ഞുനിറുത്തി പിഴയടയ്ക്കാൻ ആവശ്യപ്പെട്ടത്. ജോലിയും വരുമാനവുമില്ലാത്തതിനാൽ പിഴയടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ഷാജിയുടെ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസമായിട്ടും ഓട്ടോറിക്ഷ വിട്ടുനൽകാൻ പൊലീസ് തയ്യാറാകാത്തതോടെ കടം വാങ്ങി ഷാജി പിഴയടയ്ക്കുകയായിരുന്നു.

പൊലീസിന്റെ അസാധാരണമായ പ്രവൃത്തി ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇൻകാസ് യൂത്ത് വിംഗ് ഷാജിയെ സഹായിക്കാൻ മുന്നോട്ടുവരികയായിരുന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, ഇൻകാസ് യൂത്ത് വിംഗ് ഭാരവാഹികളായ മുഹമ്മദ് കാളിപ്പറമ്പിൽ, ഷാജി പി. കാസ്മി, വിനുപോൾ, പി.കെ. യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.