കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ചെറുവള്ളി മുക്ക് - തെങ്ങുവിള മുക്ക് റോഡിലെ വെള്ളക്കെട്ട് കാരണം യാത്രക്കാർ ദുരിതത്തിൽ. 7, 12 വാർഡുകളിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. കാലവർഷത്തിന് ശക്തി കുറഞ്ഞെങ്കിലും റോഡിലെ വെള്ളക്കെട്ടിന് ശമനമില്ല. പുത്തൻപുര ജംഗ്ഷൻ മുതൽ വടക്കോട്ട് 150 മീറ്രറോളം വരുന്ന ഭാഗം മുട്ടൊപ്പം വെള്ളത്തിനടിയിലാണ്. മഴ മാനത്ത് കണ്ടാൽ റോഡ് വെള്ളക്കെട്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
ഓടയില്ലാത്ത റോഡ്
മഴക്കാലത്ത് ഇതു വഴിയുള്ള കാൽനട യാത്ര ദുരിതം തന്നെ. റോഡിൽ വെള്ളം കെട്ടി നിൽക്കാൻ തുടങ്ങുന്നതോടെ ഓട്ടോ റിക്ഷകൾ പോലും ഇതു വഴി വരില്ല. റോഡിൽ ഓടയില്ലാത്തതിനാൽ വെള്ളം റോഡിൽ നിന്നു തന്നെ വറ്റണം. ഒരു പതിറ്റാണ്ടിന് മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്. ഇതിന് ശേഷം ഒരിക്കൽപ്പോലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. രണ്ട് വാർഡുകളെ വേർതിരിച്ച് കൊണ്ട് പോകുന്ന റോഡായതിനാൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ റോഡിന്റെ പുനരുദ്ധാരണത്തിന് വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്ന പരാതിയും നാട്ടുകാർക്ക് ഉണ്ട്.
200 ഓളം കുടുംബങ്ങളുടെ ആശ്രയം
10 വർഷത്തിന് മുമ്പ് റോഡ് ടാർ ചെയ്തതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ റോഡിന്റെ വശങ്ങളിൽ ഓട നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പുത്തൻപുരം ജംഗ്ഷനിൽ നിന്ന് തെക്കോട്ട് വെള്ളം ഒഴുകി തഴത്തോട്ടിൽ പതിക്കുന്നതിനുള്ള നീർച്ചാൽ പണ്ട് മുതലേ ഉണ്ടായിരുന്നു. കാലന്തരത്തിൽ നീർച്ചാൽ കൈയ്യേറിയതോടെ ഇതുവഴിയുള്ള വെള്ളമൊഴുക്കും നിലച്ചതായി നാട്ടുകാർ പറയുന്നു. ഇതിനെതിരെ നാട്ടുകാർ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു. 200 ഓളം കുടുംബങ്ങളാണ് റോഡിന്റെ നേരിട്ടുള്ള ഉപഭോക്താക്കൾ. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, ചെറുവള്ളി ഭൂവനേശ്വേരീ ക്ഷേത്രം, ചെമ്പകശ്ശേരി തൈക്കാവ്, ഇവയെല്ലാം റോഡിന്റെ പരിധിയിൽ വരുന്നതാണ്. നാട്ടുകാർക്ക് ദേശീയപാതയിൽ എത്തിച്ചേരാനുള്ള എളുപ്പ മാർഗം കൂടിയാണ് ഈ റോഡ്.