she-lodge
ചിന്നക്കടയിൽ ഷീ ലോഡ്ജ് നിർമ്മിക്കുന്ന നഗരസഭയുടെ സ്ഥലം മേയറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചപ്പോൾ

കൊല്ലം: ചിന്നക്കട ഷാ ഹോട്ടലിന് പിന്നിലുള്ള നഗരസഭാ ഭൂമിയിൽ ഷീ ലോഡ്ജിന് സ്വന്തം കെട്ടിടം ഉടൻ യാഥാർത്ഥ്യമാകും. കെട്ടിട നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികൾ നഗരസഭ ആരംഭിച്ചു. ഒരു കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ചിന്നക്കടയിൽ നഗരസഭയ്ക്ക് ഏകദേശം 50 സെന്റ് ഭൂമിയാണുള്ളത്. ഇവിടെ ഷീ ലോഡ്ജ് നിർമ്മാണത്തിന് നഗരസഭ നേരത്തെ ഒന്നരക്കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരുന്നത്. ഇതിന് അനുമതി ലഭിക്കാതെ വന്നതോടെയാണ് ഇപ്പോൾ പദ്ധതി പരിഷ്കരിച്ച് അനുമതി നേടിയത്.
ഇപ്പോൾ പോളയത്തോട് ജംഗ്ഷന് സമീപം വാടക കെട്ടിടത്തിലാണ് നഗരസഭയുടെ ഷീ ലോഡ്ജ് പ്രവർത്തിക്കുന്നത്. നഗരകേന്ദ്രത്തിൽ നിന്ന് അല്പം മാറിയായതിനാൽ രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് ഇവിടേക്ക് എത്താൻ പ്രയാസം നേരിടുന്നുണ്ട്. നഗരകേന്ദ്രത്തിൽ തന്നെ പുതിയ കെട്ടിടം വരുന്നതോടെ കൂടുതൽ പേർക്ക് ഷീ ലോഡ്ജ് പ്രയോജനപ്പെടും.

ഓൺലൈനായും ബുക്ക് ചെയ്യാം

രണ്ടുനില കെട്ടിടമാണ് ഷീ ലോഡ്ജിനായി നിർമ്മിക്കുന്നത്. ഒരേസമയം 25 സ്ത്രീകൾക്ക് തങ്ങാൻ കഴിയുന്ന തരത്തിൽ അറ്റാച്ച്ഡ് ബാത്ത്റൂമുകളോട് കൂടിയ കിടപ്പുമുറികൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറമേ ​ ഹാൾ,​ അടുക്കള എന്നിവയും കെട്ടിടത്തിലുണ്ടാകും. ഓൺലൈനായും മുറി ബുക്ക് ചെയ്യാം. ചെറിയ തുക വാടക നൽകണം. സംസ്ഥാനത്ത് എവിടെയുള്ളവർക്കും പ്രവേശനം ലഭിക്കും.

'' ഷീ ലോഡ്ജ് നിർമ്മാണത്തിന് ഒരു കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന കഴിഞ്ഞു. വൈകാതെ ടെണ്ടർ ചെയ്യും.''

ജി. ഉദയകുമാർ (നഗരസഭ മരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ)