പുത്തൂർ: കുളക്കട ഗ്രാമപഞ്ചായത്ത് വല്ലം നിറ പദ്ധതിയുമായി വീണ്ടും കാർഷിക സമൃദ്ധിയിലേക്ക്. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമായി പത്തേക്കർ ഭൂമിയിലാണ് കൃഷിയിറക്കുക. വെണ്ട, പാവൽ, പയർ, വഴുതന, മുളക്, തക്കാളി, ചേന, ചേമ്പ്, കാച്ചിൽ, ശീതകാല പച്ചക്കറികൾ എന്നിവയാണ് കൃഷിചെയ്യുന്നത്. തരിശുപാടങ്ങളിൽ നെൽകൃഷിയും നടത്തും. സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയും ഇതിനൊപ്പം നടപ്പാക്കിവരികയാണ്. കുളക്കട കൃഷിഭവനും സദാനന്ദപുരം കൃഷിവിജ്ഞാന കേന്ദ്രവും വേണ്ട മാർഗനിർദ്ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കും.
വിപണിയും ഒരുക്കും
കുളക്കട ഗ്രാമപഞ്ചായത്തിന്റെ കാർഷിക മേന്മ തിരികെ കൊണ്ടുവരുവാനുള്ള ലക്ഷ്യമിട്ടാണ് വല്ലം നിറ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിനെ പൂർണമായും തരിശുരഹിതമാക്കുകയെന്നതാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് ഭാരവാഹികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കൃഷിയ്ക്കായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. മണ്ണൊരുക്കൽ നടപടികളും ആരംഭിച്ചു. ഇന്ന് പച്ചക്കറി തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യും. കാർഷിക ആവശ്യത്തിനുള്ള സഹായപദ്ധതികളെല്ലാം എത്തിയ്ക്കാൻ ക്രമീകരണങ്ങളായിട്ടുണ്ട്. വിളവെടുപ്പ് ഘട്ടത്തിൽ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ വിപണന കേന്ദ്രങ്ങൾ തുടങ്ങും.
കാർഷിക മേഖലയ്ക്ക് ഉണർവാകും
കല്ലടയാറിന്റെ സമീപത്തെ കാർഷിക സമൃദ്ധിയുടെ നാടായിരുന്നു കുളക്കട പഞ്ചായത്ത് പ്രദേശം. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് കൃഷിയിൽ നിന്ന് ഒരുപാടുപേർ പിൻമാറി. ഇപ്പോഴും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരുമുണ്ട്. വല്ലം നിറ പദ്ധതിയിലൂടെ കുളക്കടയുടെ കാർഷിക പ്രതാപം വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വാർഡുകളിലും ഇടപെട്ട് പദ്ധതി വിജയിപ്പിക്കും. അതോടെ കാർഷിക മേഖലയ്ക്ക് ഉണർവുണ്ടാകുമെന്നകാര്യത്തിൽ തർക്കമില്ല.
(പി.ടി.ഇന്ദുകുമാർ, പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്)