കരുനാഗപ്പള്ളി: സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയും ആയിരുന്ന ബി.എം.ഷെറീഫിന്റെ 11-ാം ചരമ വാർഷികം വിവിധ പരിപാടികളോടെ കരുനാഗപ്പള്ളിയിൽ ആചരിച്ചു. ഇന്നലെ രാവിലെ ബി.എം.ഷെറീഫ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കരുനാഗപ്പള്ളി താലൂക്ക് അർബൻ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചഭക്ഷണം നൽകി. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.രാമചന്ദ്രൻ, എം.എസ്.താര, പാർട്ടി നേതാക്കളായ ജെ.ജയകൃഷ്ണപിള്ള, ജഗത് ജീവൻലാലി, കടത്തൂർ മൺസൂർ, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. കരുനഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന വാളണ്ടിയർമാർക്കും ഭക്ഷണം വിതരണം ചെയ്തു. അയണിവേലിക്കുളങ്ങര - കേശവപുരം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പി.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ്.കല്ലേലിഭാഗം പഠനോപകരണങ്ങൾ വിതരണം ചെയ്തു. പാർട്ടി സെക്രട്ടേറിയറ്റ് അംഗം ആർ.രവി അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റി അസി.സെക്രട്ടറി രാജു കൊച്ചു തോണ്ടലിൽ, എ.ഐ.വൈ.എഫ് നേതാക്കളായ അനീഷ് ദേവരാജ്, ആർ. രാജേഷ്, ആർ. രഞ്ജു, ബി. ഗംഗ എന്നിവർ സംസാരിച്ചു.