കുന്നത്തൂർ : നൂറുകണക്കിനാളുകൾക്ക് ഉപകാരമായിരുന്ന പോളച്ചിറ വർഷങ്ങളായി ശാപമോക്ഷം കാത്തിരിക്കുകയാണ്. ചിറ നാശത്തിന്റെ പടുകുഴി താണ്ടിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കുന്നത്തൂർ പഞ്ചായത്തിലെ ആറ്റുകടവ് വാർഡിൽ ഉച്ചിക്കോട്ട് ഏലായുടെ മദ്ധ്യഭാഗത്താണ് പോളച്ചിറ സ്ഥിതി ചെയ്യുന്നത്. കാർഷിക മേഖലയും അവികസിത പ്രദേശവുമായ തോട്ടത്തുംമുറി ഗ്രാമത്തിന്റെ പ്രാണവായുവായിരുന്നു പോളച്ചിറ.

അര ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ചിറ വയൽ മത്സ്യങ്ങളുടെ കലവറയായിരുന്നു. ആഫ്രിക്കൻ പായലും പുല്ലും ചിറയുടെ അന്തകനായി മാറിയിട്ട് വർഷങ്ങളായി.

ചെളിയും പുല്ലും നിറഞ്ഞ്

ചിറയുടെ ഒരു ഭാഗത്തും വെള്ളം കാണാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ചെളിയും പുല്ലും അടിഞ്ഞുകൂടി ചിറ പോച്ചക്കണ്ടമായി മാറിയിരിക്കയാണ്. ചിറയുടെ സംരക്ഷണത്തിന് വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച ഭിത്തിയും കൽപ്പടവുകളും തകർന്നു തുടങ്ങിയിട്ടുണ്ട്. കുന്നത്തൂർ കിഴക്ക്, തോട്ടത്തുംമുറി,ആറ്റുകടവ്, തൂമ്പിൻപുറം,ഐവിള,കുന്നുംപുറം തുടങ്ങിയ ഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും വേനൽക്കാലത്ത് ഈ ചിറയെയാണ് ആശ്രയിച്ചിരുന്നത്. കൂടാത ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന കുന്നത്തൂരിന്റെ നെല്ലറ കൂടിയായിരുന്ന ഉച്ചിക്കോട്ട് ഏലായുടെ കാർഷിക സമൃദ്ധിക്കും ചിറ ഉപകരിച്ചിരുന്നു.

കൃഷിയിറക്കാൻ വെള്ളമില്ല

ചിറയിൽ പ്രത്യേക ഓവുകൾ നിർമ്മിച്ച് അതിലൂടെയായിരുന്നു ഏലായിലെ തോടുകളിൽ വെള്ളമെത്തിച്ചിരുന്നത്. എന്നാൽ ചിറയുടെ നാശം ഏലായിലെ കാർഷിക സമൃദ്ധിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൃഷി ചെയ്യാൻ വെള്ളമില്ലാത്തതിനാൽ കർഷകരിൽ പലരും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്.ചിറ ഓർമയാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. കുന്നത്തൂർ കിഴക്ക്, തോട്ടത്തുംമുറി പ്രദേശങ്ങളുടെ വളർച്ചയുടെ നാഴികകല്ലായ പോളച്ചിറയെ സംരക്ഷിക്കുന്നതിൽ അധികൃതർ കാട്ടുന്ന അലംഭാവത്തിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. നിരവധി തവണ ജനപ്രതിനിധികൾക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

നാട്ടുകാർക്കും കാർഷിക മേഖലയ്ക്കും പ്രയോജനപ്പെടുന്ന തരത്തിൽ ചിറ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം

ഉമേഷ് കുന്നത്തൂർ

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്