കിഴക്കേകല്ലട: പിതൃദിനത്തിൽ പറയാൻ കാത്തുവച്ച ആശംസാവാക്കുകൾക്ക് പകരം സരിനും സഞ്ജനയും അച്ഛാ.. എന്ന് നീട്ടിവിളിച്ചപ്പോൾ കേട്ടുനിന്ന ഉറ്റവരും നാട്ടുകാരും വിങ്ങിപ്പൊട്ടി. ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഒൻപതോടെ വീട്ടിലേക്ക് മടങ്ങിയെത്തുന്ന അച്ഛനെ കാത്തിരുന്ന കുട്ടികളെ തേടിയെത്തിയത് അദ്ദേഹത്തിന്റെ മരണവാർത്തയായിരുന്നു.
ശനിയാഴ്ച രാത്രി ഭരണിക്കാവിന് സമീപം പുന്നമൂട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ ജീവൻ പൊലിഞ്ഞ എ.എസ്.ഐ സാബുവിന്റെ മൃതദേഹത്തിന് മുന്നിൽ വാവിട്ട് നിലവിളിച്ച കുട്ടികളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചവരുടെയൊക്കെ കണ്ഠമിടറി. കല്ലടയിലെ സാമൂഹിക - സാംസ്കാരിക മേഖലകളിൽ സജീവ പങ്കാളിയും ഗായകനുമായ സാബുവിന്റെ വിയോഗം നാട്ടുകാർക്കും തീരാനഷ്ടമാണ്. എപ്പോഴും പുഞ്ചിരിതൂകി സൗമ്യതയോടെ ഇടപഴകുന്ന സാബുവിനെ ഒരുനോക്ക് കാണാൻ കൊവിഡ് മഹാമാരിക്കിടയിലും നൂറുകണക്കിനാളുകളാണ് എത്തിയത്.
ശാസ്താംകോട്ട, കിഴക്കേകല്ലട പൊലീസ് സ്റ്റേഷനുകളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. പത്തനംതിട്ട എസ്.പി നിശാന്തിനി, കൊല്ലം റൂറൽ എസ്.പി രവി എന്നിവർ ശാസ്താംകോട്ടയിലെത്തി പുഷ്പാർച്ചന നടത്തി. തിരുവല്ല, ശാസ്താംകോട്ട ഡിവൈ.എസ്.പിമാർ അടക്കമുള്ള ഉദ്യോഗസ്ഥർ മൃതദേഹത്തെ അനുഗമിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എയും മറ്റ് രാഷ്ട്രീയ - സമൂഹിക പ്രവർത്തകരും വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. കൊല്ലം എ.ആർ ക്യാമ്പിൽ നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.