bike

കൊല്ലം: പത്തനാപുരം പാടത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിൽ ഇരുചക്ര വാഹനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. എൻ.ഐ.എ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

അവശിഷ്ടങ്ങൾക്ക് സ്ഫോടകവസ്തുക്കളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഇവിടെ വച്ച് വാഹനം പൊളിച്ചതോ അല്ലെങ്കിൽ അവശിഷ്ടങ്ങൾ ഉപേക്ഷിച്ചതോ ആകാമെന്നാണ് പൊലീസ് നിഗമനം. കണ്ടെത്തിയ അവശിഷ്ടങ്ങൾ മൂന്ന് ഇരുചക്ര വാഹനങ്ങളുടേതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഇന്നലെ ഡ്രോൺ ഉപയോഗിച്ച് സ്ഥലത്ത് പരിശോധന നടത്തി.

കഴിഞ്ഞ 15ന് വനംവകുപ്പിന്റെ പതിവ് പരിശോധനയ്ക്കിടയിലാണ് ജലാറ്റിൻ സ്റ്റിക്കുകൾ അടക്കം ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്കുകൾ തമിഴ്നാട്ടിലെ വെട്രിവേൽ എക്സ്‌പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പിനിയിൽ നിർമ്മിച്ചതാണെന്ന് സ്ഥിരീകരിച്ചിരുന്നു.

കണ്ടെത്തുന്നതിന് മൂന്നാഴ്ച മുമ്പാണ് സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ചതെന്നും നിഗമനമുണ്ട്.

സമീപകാലത്ത് അപരിചിതരായ ചിലർ ഇവിടെ വന്നുപോകുന്നതായി പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ ഇടപാടുകാരെന്നാണ് നാട്ടുകാർ സംശയിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പ്രദേശവാസികളിൽ നിന്ന് ശേഖരിച്ച് വരികയാണ്. തമിഴ്നാട് അതിർത്തി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ള പ്രദേശവാസികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.