തിരുവനന്തപുരം : ലോക്ക് ഡൗൺ കാലത്ത് സൈബർകുറ്റകൃത്യങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നതിനിടെ അന്യദേശക്കാരികളായ സുന്ദരിമാരുടെ വീഡിയോകോളിൽ അകപ്പെട്ട് മാനവും പണവും നഷ്ടപ്പെടുന്നവരെകൊണ്ട് പൊലീസ് പൊറുതിമുട്ടുകയാണ്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി കഴിഞ്ഞ ഒരുമാസത്തിനകം 183 പേരാണ് വീഡിയോകോളിലെത്തിയ സുന്ദരിമാർ പണവും മാനവും കവർന്നുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഫേസ് ബുക്ക്, വാട്ട്സ് ആപ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മാദകത്വം തുളമ്പുന്ന യുവ സുന്ദരിമാർ സൗഹൃദം നടിച്ച് പണവും മാനവും കവർന്നത്. ചെറുപ്പക്കാർ മുതൽ മദ്ധ്യവയസ്‌ക്കരും വൃദ്ധരും വരെയുള്ളവർ ഇവരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ട്. കൂലിപ്പണിക്കാരൻ മുതൽ സർക്കാർ ഉദ്യോഗസ്ഥരും ടെക്കികളും വരെ അന്യദേശക്കാരികളായ മാദക തരുണീമണികളുടെ സൗന്ദര്യം ആസ്വദിക്കാനിറങ്ങി ഇപ്പോൾ തലയിൽ മുണ്ടിട്ട് നടക്കുന്നവരുടെ കൂട്ടത്തിലുണ്ട്.
സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ അൽപ്പവസ്ത്രധാരികളായ സുന്ദരിമാരെ അണിനിരത്തി പണം തട്ടിയെടുക്കുന്ന വമ്പൻ റാക്കറ്റാണ് തട്ടിപ്പിന് പിന്നിൽ. കൊവിഡിനെയും ലോക്ക് ഡൗണിനെയും തുടർന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് വീട്ടിൽ അടച്ചിരുന്നവർക്കാണ് കെണിയിൽപ്പെട്ട് പണവും മാനവും നഷ്ടപ്പെട്ടത്. ബിക്കിനിധാരികളായി ചിരിച്ചും കണ്ണിറുക്കിയും സെക്‌സ് ലുക്കോടുള്ള നോട്ടമെറിഞ്ഞുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇവർ ഇരകളെ വശീകരിക്കാറ്. ചിത്രത്തിന് താഴെ ലൈവ് ചാറ്റിനും വീഡിയോകോളിനും സൗകര്യമുള്ളതായി കാണിച്ച് മൊബൈൽ നമ്പർ കൂടി നൽകും. സുന്ദരിമാരുടെ ചിരിയും നോട്ടവും കണ്ട് കൺട്രോൾ പോയ പലരും ചാറ്റിംഗിനോ വീഡിയോ കോളിനോ ശ്രമിക്കും. ഇരകൾ ചൂണ്ടയിൽ കൊത്തിയെന്ന് അറിഞ്ഞാലുടൻ നെറ്റ് നമ്പരുകളിൽ നിന്ന് വീഡിയോ കോളോ വാട്ട്സ് ആപ് വഴി ലൈവ് ചാറ്റിംഗോ ആയി സുന്ദരിമാർ പ്രത്യക്ഷപ്പെടും. ഹിന്ദിയിലോ ഇംഗ്ളീഷിലോ ആകും സംസാരം. ഭാഷ വശമില്ലാത്തവരെയും അവർ നിരാശപ്പെടുത്താറില്ല. തങ്ങളുടെ രഹസ്യഭാഗങ്ങൾ കാമറകണ്ണുകളിലൂടെ ഇരകളുടെ കൺമുന്നിൽ തുറന്നുകാട്ടുന്നതോടെ അവർ മതിമറക്കും.
സ്ഥല കാലബോധം നഷ്ടപ്പെട്ട് മൊബൈൽ ഫോണിന്റെ ഫ്രണ്ട് കാമറയ്ക്ക് മുന്നിൽ തങ്ങളുടെ മുഖവും അംഗലാവണ്യവും തുറന്നുകാട്ടുന്നതോടെ നിമിഷങ്ങൾ മാത്രം നീളുന്ന ലൈവ് വീഡിയോ കോളും വാട്ട്സ് ആപ് ചാറ്റുമെല്ലാം അവസാനിക്കും. നിമിഷങ്ങൾക്ക് മുമ്പ് കൺമുന്നിൽ കണ്ടതെല്ലാം മധുര സ്വപ്നങ്ങളായി അയവിറക്കുകയോ വീണ്ടും കോൾ ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നതിനിടെ ഭീഷണികോൾ എത്തും.
നിങ്ങളുടെ മുഖവും രഹസ്യഭാഗങ്ങളും ലൈവ് വീഡിയോകോളും ചാറ്റുകളുമെല്ലാം ഞങ്ങൾ റിക്കാർഡ് ചെയ്തിട്ടുണ്ടെന്നും നിങ്ങളുടെ ഫോൺ സമ്പർക്ക ലിസ്റ്റുകളിലേക്ക് ഉടൻ അയക്കുമെന്നും ഭീഷണിപ്പെടുത്തും. കൂടാതെ ഇരകളുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലുള്ള ചിലരുടെ പേരും നമ്പരുകളും കൂടി സ്ക്രീൻ ഷോട്ടുകളായി അയച്ചുകൊടുക്കും. ഇത്രയുമായതോടെ തങ്ങൾ കെണിയിലകപ്പെട്ടതായി ഉത്തമ ബോദ്ധ്യമാകും. ഭാര്യയുടെയും സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുമെന്ന് ഭയന്ന് പലരും ആവശ്യപ്പെടുന്ന പണം നൽകി പ്രശ്നം രഹസ്യമായി തീർക്കാൻ നോക്കും. ഒരുതവണ അയ്യായിരമോ, പതിനായിരമോ നൽകുന്നതോടെ പിന്നെ ലക്ഷങ്ങൾക്കായുള്ള ഭീഷണിയും ബ്ളാക്ക് മെയിലിംഗുമാകും.
അടൂർ സ്വദേശിയുടെ അനുഭവം
വീഡിയോകോൾ തട്ടിപ്പുകളെപ്പറ്റി കണ്ടും കേട്ടുമുള്ള അറിവുകളുടെ അടിസ്ഥാനത്തിൽ വീഡിയോ കോൾ നിരസിച്ച അടൂർ പെരിങ്ങനാട് സ്വദേശിയായ യുവാവിനെ തുടർച്ചയായി വിളിച്ചാണ് തട്ടിപ്പ് സംഘം കെണിയിൽപ്പെടുത്തിയത്.
ജൂൺ 17-നായിരുന്നു സംഭവം. അന്നേദിവസം യുവാവിന്റെ ഫോണിലേക്ക് ഒരു വാട്ട്സ് ആപ്പ് വീഡിയോകോൾ ആദ്യം വന്നു. പരിചയമില്ലാത്ത വിളിയായതിനാൽ ആദ്യമൊന്നും എടുത്തില്ല. പിന്നീട് നിരന്തരം കോൾ എത്തിയതോടെ യുവാവിന് സംശയം തോന്നി. ഈ സംശയം ഒരു പൊലീസുദ്യോഗസ്ഥനുമായി പങ്കുവച്ചു. കോൾ എടുക്കുകയാണെങ്കിൽ വീഡിയോ റെക്കോഡ് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇതുപ്രകാരം കോൾ എടുത്തപ്പോഴാണ് ഒരു യുവതി നഗ്നത പ്രദർശിപ്പിച്ചത്.
ഇത്തരത്തിൽ നഗ്നത പ്രദർശിപ്പിക്കാൻ യുവാവിനോടും അവർ ആവശ്യപ്പെട്ടു. പക്ഷേ, യുവാവ് നിരസിച്ചു. അൽപ്പസമയം കഴിഞ്ഞ് വാട്ട്സ് ആപ്പിൽ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു സന്ദേശമെത്തി. ഇത് സമ്മതിക്കാതായതോടെ യുവാവിന്റെ മുഖവും മറ്റൊരാളിന്റെ ശരീരവുമായി നഗ്നത പ്രദർശിപ്പിക്കുന്ന വീഡിയോ അയച്ചു. പണം നൽകിയില്ലെങ്കിൽ ഈ വീഡിയോ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു. ജയകുമാർ പണം നൽകാൻ തയ്യാറാകാതെ വന്നപ്പോൾ വീഡിയോ ഫേസ്ബുക്ക് മെസഞ്ചറിലൂടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തു. രണ്ട് ഡസനിലേറെ പേർക്ക് ഇത്തരത്തിൽ വീഡിയോ അയച്ചുകൊടുത്തതായി യുവാവ് പറയുന്നു. അബദ്ധത്തിൽവന്ന ഒരു വീഡിയോ കോൾ എടുത്തതുകാരണം മാനസികവിഷമത്തിലായ യുവാവ് ഒടുവിൽ അടൂർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനായി അടൂർ സി.ഐ.യ്ക്ക് യഥാർഥ വീഡിയോയും യുവതി കൃത്രിമം കാണിച്ച വീഡിയോയും കൈമാറിയിട്ടുണ്ട്.
# അപരിചിതരുമായി വീഡിയോ
കോൾ അരുതെന്ന് പൊലീസ്
വാട്ട്സ് ആപ്പ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കിയാണ് തട്ടിപ്പ് . അതിനാൽ അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണം.
മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കോൾ അറ്റൻഡ് ചെയ്താൽ സ്ക്രീനിൽ മറുവശത്തുനിന്നുള്ള അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടും. തുടർന്ന് വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റന്റ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്‌ത ശേഷം പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക.
വീഡിയോ സാമൂഹ മാദ്ധ്യമങ്ങളിലും യൂട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും തട്ടിപ്പുകാരുടെ ആവശ്യം. ചിലർ മാനഹാനി ഭയന്ന് പണം അയച്ചു കൊടുത്തെങ്കിലും തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തും. ലിങ്ക് സാമൂഹ മാദ്ധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങും. ഫേസ്ബുക്ക് പോലുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ നമ്മുടെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം. ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിന് പിന്നിൽ. വാട്‌സ് ആപ്പിലൂടെ അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ ഇത്തരം കെണിയെക്കുറിച്ച് ഓർക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
#തട്ടിപ്പ് പെരുകിയത് മൂന്നാഴ്ചയ്ക്കകം
തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ തുടങ്ങി കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നായി കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിലാണ് തട്ടിപ്പുകൾ വർദ്ധിച്ചത്. പൊലീസിൽ രേഖാമൂലം പരാതി നൽകി കേസെടുത്തവരേക്കാൾ പതിൻമടങ്ങ് ആളുകൾ തട്ടിപ്പുകാരുടെ ഭീഷണി ഭയന്ന് കഴിയുന്നുണ്ട്. പരാതി ലഭിച്ച സംഭവങ്ങളിൽ തട്ടിപ്പുകാരുടെ ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് സൈബർ പൊലീസുന്റെ സഹായത്തോടെ അന്വേഷണം നടന്നുവരികയാണ്.
സൈബർ ക്രൈം വിഭാഗം,
തിരുവനന്തപുരം