കൊല്ലം: ആദർശം കൈമോശം വന്നാൽ കമ്മ്യൂണിസ്‌റ്റെന്ന് വിളിക്കാനാകില്ലെന്ന് സധൈര്യം പറഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്നു ഇന്നലെ അന്തരിച്ച പ്രൊഫ. വെളിയം രാജൻ. ചെറുപ്പം മുതൽ ശരിപക്ഷ നിലപാടിലുറച്ച അപൂർവം കമ്മ്യൂണിസ്റ്റുകാരിൽ ഒരാളായിരുന്ന അദ്ദേഹം സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാനായിരുന്നു.
വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ, ഇ. ചന്ദ്രശേഖരൻ നായർ തുടങ്ങിയ പ്രമുഖർക്കൊപ്പം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. വിദ്യാർത്ഥിയായിരിക്കെ കമ്മ്യൂണിസ്റ്റായതിന്റെ പേരിൽ നോട്ടപ്പുള്ളിയായി. ഒളിവിൽ കഴിയുമ്പോഴും യുവാക്കളെ സംഘടിപ്പിക്കാൻ അത്യധ്വാനം നടത്തി. വെളിയത്തും കരീപ്രയിലും പൂയപ്പള്ളിയിലും കമ്മ്യൂണിസ്റ്റുകാരെ തേടിയെത്തിയ പൊലീസുകാരുടെ മുഴുവൻ ആസൂത്രണങ്ങളും തകർത്തെറിഞ്ഞു.
പഠനവും ജോലിയും വൈകിയെങ്കിലും കൊല്ലം എൻ.എൻ കോളേജിൽ വിദ്യാർത്ഥിയായി അവിടെ തന്നെ അദ്ധ്യാപകനുമായി. 1957ൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വെളിയം രാജൻ സി.പി.ഐ കൊട്ടാരക്കര താലൂക്ക് സെക്രട്ടറിയായിരുന്നു. ശരിക്കൊപ്പം നിന്നപ്പോൾ പലപ്പോഴും നേരിട്ട ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും അദ്ദേഹം മുഖവിലയ്‌ക്കെടുത്തില്ല. സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോകാതെ നിശബ്ദനായി പാർട്ടിയെ സേവിച്ചു. പ്രശസ്തിയല്ല, പ്രവൃത്തിയാണ് പാർട്ടി മുൻഗണന നൽകുന്നതെന്ന് അദ്ദേഹം സ്വന്തം പ്രവർത്തനങ്ങൾകൊണ്ട് മറ്റുള്ളവർക്ക് മാതൃകയായി.