പുത്തൂർ: ചുങ്കത്തറയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല. കശുഅണ്ടി തൊഴിലാളികളടക്കം വഴിയാത്രക്കാർ ദുരിതത്തിൽ. പുത്തൂർ-കൊട്ടാരക്കര റോഡിൽ ചുങ്കത്തറ ജംഗ്ഷനിൽ നിന്ന് മൈലംകുളത്തേക്കുള്ള ഇടറോഡിന്റെ തുടക്കഭാഗത്താണ് മാസങ്ങളായി വെള്ളം കെട്ടി കിടക്കുന്നത്. മലിന ജലത്തിൽ ചവിട്ടാതെ ഇവിടെ യാത്ര ചെയ്യാനാകില്ല. ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയോടെയുള്ള മതമൈത്രീ സ്തൂപമാണ് ഒരു വശത്ത്, മറുവശത്ത് കടകളും. ചുങ്കത്തറ കശുഅണ്ടി ഫാക്ടറിയിലേക്കുള്ള ഏകവഴിയും ഇതാണ്. തൊഴിലാളികൾ ഈ മലിനജലത്തിൽ ചവിട്ടിയാണ് ഫാക്ടറിയിലേക്ക് പോകുന്നത്. ഫാക്ടറിയിലെത്തി ജോലി തുടങ്ങുമ്പോൾ കാലിൽ ചൊറിച്ചിലും മറ്റും അനുഭവപ്പെടാറുണ്ടെന്നാണ് അവരുടെ പരാതി. മൈലംകുളം ബാലസുബ്രഹ്മണ്യ സ്വാമീക്ഷേത്രത്തിലേക്ക് പോകേണ്ടതും ഈ മലിനജലത്തിൽ കൂടിയാണ്. കുളക്കട ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളതാണ് ഇവിടം. പഞ്ചായത്തിന്റെ ഒരു പെറ്റിവർക്കിൽ ഇവിടുത്തെ വെള്ളക്കെട്ട് മാറ്റാവുന്നതാണ്. എന്നിട്ടും ആരും മുൻകൈയെടുക്കാത്തതാണ് നാട്ടുകാരുടെ സങ്കടം.