അഞ്ചാംതവണയും കരാർ കാലാവധി നീട്ടി
കൊല്ലം: ഒച്ചിന് സമാനം ഇഴഞ്ഞുനീങ്ങുന്ന കല്ലുപാലം നിർമ്മാണത്തിന്റെ കരാർ കാലാവധി ഒക്ടോബർ 31 വരെ നീട്ടിനൽകി. കഴിഞ്ഞ ദിവസം എം. മുകേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. 2019 ഒക്ടോബറിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തികളുടെ കരാർ കാലാവധി അഞ്ചാംതവണയാണ് നീട്ടിനൽകുന്നത്.
താക്കീതുകൾ പലയാവർത്തിയായിട്ടും കല്ലുപാലത്തിന് പകരം നിർമ്മിക്കുന്ന പുതിയ പാലം പൂർത്തിയാക്കുന്നതിൽ കരാറുകാരൻ അലംഭാവം തുടരുകയാണ്. തിരുവനന്തപുരം ആസ്ഥാനമായ ഹെതർ ഇൻഫ്രാസ്ട്രക്ച്ചറാണ് കരാറുകാർ. ഇവർക്ക് ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചുള്ള പരിചയം മാത്രമേയുള്ളുവെന്ന ആക്ഷേപം തുടക്കം മുതലേ ഉയർന്നിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങളിൽ കരാറുകാരൻ മനപൂർവം ഉദാസീനത കാട്ടുകയാണെന്ന് നേരത്തെ ജില്ലാ ഭരണകൂടവും പൊതുമരാമത്ത് വകുപ്പും വിലയിരുത്തിയിരുന്നു. വീഴ്ചകൾ തുടർന്നിട്ടും കരാറുകാരനോട് അനുഭാവപൂർവമായ സമീപനം സ്വീകരിക്കുന്നതിൽ പ്രദേശത്തെ നാട്ടുകാരും വ്യാപാരികളും ഒന്നടങ്കം പ്രതിഷേധത്തിലാണ്.
ഒക്ടോബറിലും തീരില്ല
നിർമ്മാണ പ്രവൃത്തികൾ തുടങ്ങി രണ്ട് വർഷമായിട്ടും തൂണുകൾ പോലും നിർമ്മിക്കാൻ കഴിയാത്ത കരാറുകാർ അടുത്ത നാല് മാസം കൊണ്ട് പാലം പൂർത്തിയാക്കുമെന്ന് പറയുന്നത് വിശ്വസനീയമല്ല. 16 പില്ലറുകളുള്ള പാലത്തിന്റെ ആറ് പില്ലറുകളുടെ പൈലിംഗ് ഇനിയും പൂർത്തിയായിട്ടില്ല.
ബൈപ്പാസിന് വേണ്ടിവന്നത് 22 മാസം
മൂന്ന് പാലങ്ങളും നിരവധി കലുങ്കുകളും 13 കിലോമീറ്ററിലധികം ദൂരവുമുള്ള കൊല്ലം ബൈപ്പാസ് പൂർത്തീകരിച്ചത് വെറും 22 മാസങ്ങൾ കൊണ്ടാണ്. സംസ്ഥാനത്ത് നീളത്തിൽ രണ്ടാം സ്ഥാനത്തുള്ള മങ്ങാട് - കടവൂർ പാലവും ബൈപ്പാസിന്റെ ഭാഗമായി നിർമ്മിച്ചതാണ്. അതേസമയം, കേവലം 22 മീറ്റർ നീളമുള്ള പാലം നിർമ്മിക്കാൻ രണ്ടുവർഷം മതിയാകാതെ വരുന്നത് നീതീകരിക്കാനാകില്ലെന്നാണ് പ്രദേശത്തെ വ്യാപാരികൾ പറയുന്നത്.
നിർമ്മാണ നാടകം
2019 സെപ്തംബർ: പഴയപാലം പൊളിച്ചുനീക്കി
2019 ഒക്ടോബർ: നിർമ്മാണം ആരംഭിച്ചു
2020 ഒക്ടോബർ: കരാർ കാലാവധി അവസാനിച്ചു. ഡിസംബർ വരെ നീട്ടി
2020 ഡിസംബർ: പൈലിംഗ് പോലും പൂർത്തിയായില്ല
2021 ജനുവരി 10: 50 ദിവസത്തിനുള്ളിൽ തീർക്കണമെന്ന് നിർദ്ദേശം
2021 മാർച്ച്: ജൂൺ 30 വരെ കാലാവധി നീട്ടി
2021 ജൂൺ 20: ഒക്ടോബർ 31 വരെ വീണ്ടും കരാർ കാലാവധി