കുന്നിക്കോട് : കുറ്റിക്കോണം തണ്ണിച്ചാലിൽ വളവുപച്ചയിൽ റോഡ് പുറമ്പോക്കിൽ പെട്ടിക്കട നടത്തിയിരുന്ന വയോധികരായ ദമ്പതിമാരെ മർദ്ദിക്കുകയും അവരുടെ പെട്ടിക്കട നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വിളക്കുടി ഗ്രാമപഞ്ചായത്ത് മുൻ അംഗമായ ജെ.സജീവിനെ സി.പി.ഐയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. ഷാജഹാനും മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം. നൗഷാദും അറിയിച്ചു. അതേസമയം , ദമ്പതിമാരെ ആക്രമിച്ച സംഭവത്തിൽ സി.പി.ഐക്ക് ബന്ധമില്ലെന്നും നിലവിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും നേതാക്കൾ പറഞ്ഞു. സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ വയോധിക ദമ്പതികളുടെ പെട്ടിക്കടക്കെതിരെ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
വയോധികരെ ആക്രമിച്ച സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്തെങ്കിലും പ്രതി സജീവ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.