കരുനാഗപ്പള്ളി: മൈനാഗപ്പള്ളി പി.എച്ച് സെന്ററിന്റെ നിയന്ത്രണത്തിൽ കരുനാഗപ്പള്ളി ടൗൺ ക്ലബിൽ പ്രവർത്തിക്കുന്ന വാക്‌സിനേഷൻ സെന്ററിൽ ഭരണ പക്ഷം രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നതായി യു.ഡി.എഫ് നഗരസഭ പാർലമെന്ററി പാർട്ടി ആരോപിച്ചു. താലൂക്ക് ഗവ.ആശുപത്രിയിലും ഇതേ സ്ഥിതി തന്നെയാണ് നിലനിൽക്കുന്നത്. ഓൺലൈൻ അലോട്ട്‌മെന്റ് കഴിഞ്ഞാൽ സ്‌പോട്ട് അലോട്ട്‌മെന്റിൽ അനുവദിക്കുന്ന ക്വാട്ട വിതരണത്തിലാണ് രാഷ്ട്രീയ പക്ഷപാതം നടക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. ഇതിനെതിരെ യു.ഡി.എഫ് നേതാക്കളും കൗൺസിലർമാരും ജില്ലാ കളക്ടർക്കും ഡി.എം.ഒയ്ക്കും മൈനാഗപ്പള്ളി പി.എച്ച്. സെന്റർ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എം.അൻസാർ, എൻ.അജയകുമാർ, ടി.പി.സലിംകുമാർ, എസ്.ജയകുമാർ, മുനമ്പത്ത് ഗഫൂർ, തേവറ നൗഷാദ്, ബീനജോൺസൺ, സിംലാൽ, റഹിയാനത്ത്ബീവി, എം.എസ്.ശിബു എന്നിവർ സംയുക്തമായാണ് പരാതി നൽകിയത്.