traffic
നഗരത്തിൽ ഇന്നലെ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

കൊല്ലം: ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ തിരക്കേറിയ നഗരത്തിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നത് പൊലീസിന് തലവേദനയാകുന്നു. ആശുപത്രി, കോടതി പരിസരമാണെന്ന് പോലും ബോധമില്ലാതെ നിരോധിത മേഖലയിലുൾപ്പെടെ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ് ജനങ്ങൾ.

സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തര സാഹചര്യത്തിലെത്തിയ ആംബുലൻസ് കടന്നുപോകുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലാണ് ഇന്നലെ ബീച്ച് റോഡിന്റെ വശങ്ങളിലെ വാഹനങ്ങളുടെ പാർക്കിംഗ്. ചിന്നക്കടയിൽ നിന്ന് ആശുപത്രി വരെയുള്ള 200 മീറ്റർ ദൂരം ആംബുലൻസ് സഞ്ചരിച്ചത് പത്ത് മിനിട്ട് സമയമെടുത്താണ്.

ഗതാഗതം നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം രാവിലെ മുതൽ ട്രാഫിക് ഉദ്യോഗസ്ഥർ നിരത്തിലുണ്ടായെങ്കിലും യാത്രക്കാരിൽ പലരും നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറായില്ല. രാവിലെ പതിനൊന്നോടെ പലയിടത്തും ഗതാഗതക്കുരുക്കുണ്ടായതിനെ തുടർന്ന് പിഴയീടാക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയായിരുന്നു.

ഇന്നലെയും സമാനമായ അവസ്ഥ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകളുമായി രാവിലെ മുതൽ പൊലീസ് പട്രോളിംഗ് ശക്തമാക്കി. കഴിഞ്ഞ രണ്ടുദിവസങ്ങളായി നഗരത്തിൽ മാത്രം ഇത്തരത്തിൽ 300 ഓളം പേർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു.

അനധികൃത പാർക്കിംഗ് മേഖലകൾ

1. ബീച്ച് റോഡ്

2. ജില്ലാ ആശുപത്രി റോഡ്

3. ഹൈസ്‌കൂൾ ജംഗ്‌ഷൻ

4. കോൺവെന്റ് റോഡ്

5. ആരാധനാ തീയറ്ററിന് എതിർവശം

6. കാനറാ ബാങ്ക് ജംഗ്ഷൻ

7. കളക്ടറേറ്റിന് നാലുവശവും

8. പള്ളിമുക്ക്

9. കടപ്പാക്കട - നായേഴ്സ് റോഡ്

10. കൊട്ടിയം ജംഗ്‌ഷൻ