കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് പച്ചിലവളവിൽ അപകടക്കെണികൾ മാറുന്നു. റോഡിന് ഹൈടെക് രീതിയിൽ നിർമ്മിക്കുന്ന സംരക്ഷണഭിത്തികൾ പൂർത്തീകരണത്തിലേക്ക്. താഴ്ചയുള്ള ഒരു വശത്ത് 200 മീറ്റർ ദൂരത്തിലാണ് സുശക്തമായ കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചത്. ഇതിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി. താഴെ ഭാഗത്തെ വീട്ടിലേക്കുള്ള വഴിയൊരുക്കുന്നതും അത്യാവശ്യ മിനുക്കുപണികളുമാണ് ഇവിടെ ശേഷിക്കുന്നത്. റോഡിന്റെ മറുവശത്ത് കുന്നിടിഞ്ഞ് വീഴാതിരിക്കാൻ ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുകയാണ്. ഇതും അവസാന ഘട്ടത്തിലേക്ക് എത്തുന്നുണ്ട്.

ആശങ്കയ്ക്ക് പരിഹാരം

പച്ചിലവളവിൽ മഴക്കാലത്ത് വലിയതോതിൽ മണ്ണൊലിപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മുകൾഭാഗത്തെ താമസക്കാരടക്കം ആശങ്കയിലുമായിരുന്നു. ശാശ്വത പരിഹാരം എന്ന നിലയിലാണ് ഇവിടെ ഉയരത്തിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. ചില ഭാഗത്ത് കൂടുതൽ ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കേണ്ടി വന്നിട്ടുണ്ട്. ഉയർച്ചയിൽ താമസിക്കുന്നവരുടെ വീടുകളിലേക്ക് പോകാനുള്ള വഴികളും പ്രത്യേകമായി ഒരുക്കുന്നുണ്ട്.

43 കോടി രൂപയുടെ പദ്ധതി

ദേശീയപാതയിൽ അമ്പലത്തുംകാല മുതൽ പുനലൂർവരെയുള്ള 25 കിലോമീറ്റർ ദൂരത്തേക്കായി 43 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ കൂടുതൽ തുകയും ചെലവാകുന്നത് പച്ചിലവളവ് ഭാഗത്താണ്. പതിവ് അപകട മേഖലയായതിനാലാണ് പച്ചിലവളവിന് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ കൊണ്ടുവരുന്നത്. നിരവധി വാഹനങ്ങളാണ് ഇവിടെ താഴ്ചയിലേക്ക് മറിഞ്ഞിട്ടുള്ളത്. രണ്ടുവർഷം മുൻപ് ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞതോടെ അടിഭാഗത്തെ വീടുകൾക്കും നാശമുണ്ടായി. ഇരുവശത്തെയും സംരക്ഷണ ഭിത്തികളുടെ നിർമ്മാണം പൂർത്തിയാകുന്നമുറയ്ക്ക് പ്രത്യേക വഴിവിളക്കുകളും സ്ഥാപിക്കും. രണ്ട് വശങ്ങളും ഉയർത്തിക്കെട്ടുള്ളതിനാൽ സ്വാഭാവിക വെളിച്ചത്തിന് തടസമുണ്ടാകും. സന്ധ്യയോടെ ഇരുവശത്തും നല്ല വെളിച്ചമുള്ള ലൈറ്റുകൾ തെളിയും. അലങ്കാര വിളക്കുകളുമുണ്ടാകും.