polachira
ചിറക്കര പോളച്ചിറയിൽ വിരണ്ടോടിയ പോത്തിനെ മയക്കുവെടി വച്ച് പിടികൂടിയപ്പോൾ

ചാത്തന്നൂർ: വിരണ്ടോടി ചിറക്കരയെ വിറപ്പിച്ച് പോത്തിനെ മയക്കുവെടി വച്ച് പിടികൂടി. സ്വകാര്യ ഫാമിൽ നിന്ന് വിരണ്ടോടിയ പോത്ത് കഴിഞ്ഞ ദിവസം ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ചതോടെ നാട്ടുകാർ ഭീതിയിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പിടികൊടുക്കാതെ അലഞ്ഞുനടന്ന പോത്തിനെ ഇന്നലെ കൊല്ലത്ത് നിന്നെത്തിയ വെറ്ററിനറി ‌ഡോക്ടർമാരുടെ സംഘമാണ് വലയിലാക്കിയത്.

തമിഴ്നാട്ടിൽ നിന്ന് പ്രദേശത്തെ സ്വകാര്യ ഫാമിലെത്തിച്ച പോത്ത് വിരണ്ടോടിയതിനെ തുടർന്ന് ജീവനക്കാരും പ്രദേശവാസികളും അന്ന് മുതൽ പിടിച്ചുകെട്ടാനുള്ള ഓട്ടത്തിലായിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് ചിറക്കര പോളച്ചിറ കൃഷ്ണകൃപയിൽ സുഭാഷ്, ഭാര്യ പ്രമീള എന്നിവരെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രമീള കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാലിൽ ആഴത്തിലുള്ള മുറിവേറ്റ പ്രമീളയെ അടിയന്തര ശസ്ത്രക്രിയയ്ക്കുൾപ്പെടെ വിധേയയാക്കി.

കാര്യം കൈവിടുന്നതായി മനസിലായതോടെ ഭീതിയിലായ നാട്ടുകാർ പോത്തിനെ പിടിച്ചുകെട്ടാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചിറക്കരത്താഴം പ്രദേശത്തെത്തിയ പോത്ത് കാർഷിക വിളകൾ നശിപ്പിക്കുകയും കന്നുകാലികളെ ആക്രമിക്കുകയും ചെയ്തു. ഇന്നലെ പുലർച്ചയോടെ കുഴുപ്പിൽ വാസുദേവ് ഫാമിന് സമീപത്ത് നിന്ന് പോത്തിനെ കണ്ടെത്തിയ നാട്ടുകാർ ഉടൻ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് കൊല്ലത്ത് നിന്നെത്തിയ വെറ്ററിനറി ഡോക്ടർമാരുടെ സംഘം ഒറ്റ മയക്കുവെടിയിൽ നാടാകെ വിറപ്പിച്ച പോത്തിനെ കീഴ്പ്പെടുത്തുകയായിരുന്നു.