കൊല്ലം: ഭർത്താവ് അതിക്രൂരമായി പീഡിപ്പിക്കുമ്പോഴും വിസ്മയ നല്ലനാളുകൾ സ്വപ്നം കണ്ടിരുന്നു. ഫേസ്ബുക്കിൽ വിസ്മയ ഈമാസം എട്ടിന് മഴയത്ത് കാറിൽ സഞ്ചരിക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. അത് ഭർത്താവിന് ടാഗും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ ഈ വീഡിയോ വിസ്മയയുടെ സ്വപ്നങ്ങളായിരുന്നു, പ്രതീക്ഷയായിരുന്നു.
പീഡനം കാരണം ഭർത്തൃവീട്ടിൽ നിന്ന് വിസ്മയ പിണങ്ങിപ്പോയിരുന്നു. ഇതിന് ശേഷം കോളേജിലെത്തി ഭർത്താവ് മടക്കിക്കൊണ്ടുപോയി. ഇതിന് ശേഷമാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് കരുതുന്നു. ഭർത്താവ് മടക്കി വിളിച്ചപ്പോൾ എല്ലാ പ്രശ്നങ്ങളും അവസാനിച്ചെന്ന് അവൾ കരുതിയിരിക്കാം. പക്ഷെ പഴയതിനെക്കാൾ ക്രൂരമായി ആക്രമണം തുടർന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
ആദ്യം വിശ്വസിച്ചില്ല, പിന്നെ...
വിസ്മയ മരിച്ചെന്ന വിവരം ശൂരനാട് പൊലീസിൽ നിന്ന് കേട്ടിട്ടും അച്ഛൻ ത്രിവിക്രമൻ നായർ വിശ്വസിച്ചില്ല. ആശുപത്രിയിലെത്തി മകളുടെ ചലനമറ്റ ശരീരം കണ്ട ശേഷമാണ് ആ അച്ഛൻ മകൾ പോയെന്ന വിവരം വിശ്വസിച്ചത്. പിന്നീട് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോഴും ആ ആച്ഛൻ നെഞ്ചുപൊട്ടി നിലവിളിക്കുകയായിരുന്നു.