ചാത്തന്നൂർ: ഇന്ധന വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തിയ ചക്രസ്തംഭന സമരം പാരിപ്പള്ളിയിൽ സംഘർഷത്തിന്റെ വക്കോളമെത്തി. ദേശീയപാത ഉപരോധിച്ച് അഞ്ചിടത്തായിരുന്നു പാരിപ്പള്ളി ജംഗ്ഷനിൽ സമരം അരങ്ങേറിയത്. വാഹനതടസം ഉണ്ടായതോടെ പാരിപ്പള്ളി എസ്.എച്ച്.ഒ സതികുമാർ ഇടപെട്ട് വാഹനങ്ങൾ കടത്തിവിടാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടവരുത്തുകയായിരുന്നു.
ഇതോടെ ജംഗ്ഷനിൽ പലയിടത്തായി സമരത്തിലേർപ്പിട്ടിരുന്ന പ്രതിഷേധക്കാർ പൊലീസിനെതിരെ തിരിഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കിയതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.
സമാധാനപരമായി സമരത്തിൽ ഏർപ്പെട്ടവരോട് രാഷ്ട്രീയ എതിരാളികളെപ്പോലെയാണ് പൊലീസ് ഇടപെട്ടതെന്ന് സംയുക്ത സമരസമിതി നേതാക്കളായ ശ്രീകുമാർ പാരിപ്പള്ളി (എ.ഐ.ടി.യു.സി), എൻ. സുന്ദരേശൻ (സി.ഐ.ടി.യു), പാരിപ്പള്ളി വിനോദ് (ഐ.എൻ.ടി.യു.സി) എന്നിവർ ആരോപിച്ചു.