പട്ടിണിയോട് പടവെട്ടി സ്വപ്നങ്ങൾക്ക് മേൽ വളർന്നവർ ചരിത്രത്തിൽ അനവധിയുണ്ട്. അദ്ധ്വാനമായിരുന്നു അവരുടെയെല്ലാം കൈമുതൽ. ഭൂതകാലത്തെ നൊമ്പരങ്ങളാണ് അവർക്ക് മുന്നേറാനുള്ള ഊർജ്ജം പകരുന്നത്. അതുകൊണ്ട് തന്നെ ഇവർ അന്യന്റെ കണ്ണുനീരിന് മുന്നിൽ കരുണാർദ്രരാകും. ഇങ്ങനെ കഠിനാദ്ധ്വാനത്തിലൂടെ സ്വപ്നങ്ങൾ പടുത്തുയർത്തിയ ആളാണ് എം.ആർ. മണിയെന്ന എം. രാജമണി. അന്യന്റെ വേദനകൾക്ക് മേൽ ഇളം തെന്നലാകുന്ന മനുഷ്യസ്നേഹിയും.
1951ൽ നെയ്ത്തുകുടംബത്തിലായിരുന്നു ജനനം. 14 വയസായപ്പോൾ അച്ഛൻ തളർന്നുവീണു. പഠിച്ച് നല്ല ജോലി നേടണമെന്ന സ്വപ്നം കുഞ്ഞു രാജമണിയുടെ മനസിലുണ്ടായിരുന്നു. പക്ഷെ താൻ പഠിക്കാൻ പോയാൽ അമ്മയും പറക്കമുറ്റാത്ത ആറ് സഹോദരങ്ങളും പട്ടിണിയാകും. തളർന്നുകിടക്കുന്ന അച്ഛന് മരുന്ന് വാങ്ങാൻ പോയിട്ട് അരി വാങ്ങാൻ പോലും നിവൃത്തിയില്ലാതാകും. അങ്ങനെ രാജമണി പഠനവും സ്വപ്നങ്ങളും ഉപേക്ഷിച്ച് നെയ്ത്ത് ജോലി ഏറ്രെടുത്തു. പക്ഷേ രാപകൽ നെയ്ത്തിട്ടും പട്ടിണി മാറിയില്ല. അങ്ങനെ കൽപ്പണിക്കിറങ്ങി. ചുമടെടുത്തു. വണ്ടി വലിച്ചു. അങ്ങനെയിരിക്കെ മനസിൽ പുതിയൊരു ആശയം പിറന്നു. സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്ത് കിണർ തൊടി നിർമ്മാണമില്ല. അവിടെ തൊടി നിർമ്മാണം തുടങ്ങിയാൽ ജീവിതം പച്ചപിടിക്കും. അങ്ങനെ കോഴിക്കോടേക്ക് പോയി. ആദ്യഘട്ടത്തിൽ സിമെന്റ് തൊടിയിലെ വെള്ളം കുടിക്കാൻ കൊള്ളില്ലെന്ന് പ്രചാരണം ഉണ്ടായി. എന്നാൽ വൈകാതെ ജനങ്ങൾ കിണർ തൊടികൾക്കായി രാജമണിയെ തേടിയെത്തി. ഇതോടെ സഹോദരങ്ങളും സഹായിക്കാൻ ഒപ്പം കൂടി.
1979ൽ അംബിക രാജമണിയുടെ ജീവിതത്തിലേക്ക് നല്ല പകുതിയായെത്തി. തിരിച്ചടി നേരിടുമ്പോഴെല്ലാം അവർ ആത്മധൈര്യം നൽകി. മഴക്കാലത്ത് കാര്യമായി തൊടി നിർമ്മാണം കാണില്ല. ഇങ്ങനെ സീസണല്ലാത്ത സമയങ്ങളിൽ അദ്ദേഹം നാട്ടിലെത്തി മറ്റ് ബിസിനസുകൾ തുടങ്ങി. പലയിടങ്ങളിലും ഹോട്ടലുകൾ നടത്തി. ഇതിനിടെ മയ്യനാട് റീജിയണൽ സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമായി സർക്കാർ നിയോഗിച്ചു. ചാത്തന്നൂർ യൂണിറ്റ് ട്രഷററും ജില്ലാ കമ്മിറ്റി അംഗവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സജീവ പ്രവർത്തകനായി. തെക്കേവിള 1272-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ വൈസ് പ്രസിഡന്റും പിന്നീട് ഖജാൻജിയുമായി പൊതുരംഗത്ത് സജീവമായി. ശാഖയുടെ ഉടമസ്ഥതയിൽ ഓഡിറ്റോറിയം നിർമ്മാണത്തിന് തുടക്കമിട്ടു. ഏറെക്കാലം തട്ടാമല തയ്യിൽ ക്ഷേത്രത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. ഇപ്പോൾ പ്രസിഡന്റാണ്. രാജമണിയുടെ നേതൃത്വത്തിൽ, ഭക്തജനങ്ങളുടെ നിർലോഭമായ പിന്തുണയിൽ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം പൂർത്തിയായി. വൈകാതെ സമർപ്പണം നടക്കും. ഇക്കാലയളവിൽ മുഖത്തല ബ്ലോക്ക് റൂറൽ സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗമായി. ആദ്യം ബാങ്ക് ഭരണസമിതിയുടെ വൈസ് പ്രസിഡന്റും പിന്നീട് പ്രസിഡന്റുമായി. അടുത്തിടെ രക്തസമ്മർദ്ദം അലട്ടിത്തുടങ്ങിയതോടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. പക്ഷേ ബാങ്കിന്റെ അമരത്ത് നിന്ന് ഒഴിവാകാൻ ഭരണസമിതി അംഗങ്ങൾ അനുവദിച്ചില്ല. അതുകൊണ്ട് ഇപ്പോഴും വൈസ് പ്രസിഡന്റായി തുടരുന്നു.
കാരുണ്യ കലവറയായ ഭാരത് നഗർ
നാട്ടിൽ എന്ത് പ്രയാസം ഉണ്ടായാലും ആദ്യം കാരുണ്യത്തിന്റെ കൈത്തിരി തെളിയുക കൊല്ലൂർവിള ഭാരത് നഗറിലാണ്. ഏറെക്കാലം ഇവിടുത്തെ 211 കുടുംബങ്ങൾ അടങ്ങുന്ന റസിഡന്റ്സ് അസോസിയേഷന്റെ സെക്രട്ടറിയായിരുന്നു. ഇപ്പോൾ പ്രസിഡന്റാണ്. ഭാരത് നഗർ ഒരു കുടുംബമാണ്. അവിടുത്തെ മഹാമനസ്കനായ കാരണവരാണ് എം.ആർ. മണി. സുനാമിയും പ്രളയങ്ങളും കൊവിഡും പടർന്നു പിടിച്ചപ്പോഴെല്ലാം ഭാരത് നഗർ കാരുണ്യത്തിന്റെ ചാറ്റൽമഴയായി പെയ്തിറങ്ങി. പ്രളയമേഖലകളിൽ ഭക്ഷ്യവസ്തുക്കളും വസ്ത്രവും കുടിവെള്ളവും നൽകാൻ കേരളകൗമുദിക്കൊപ്പം സഹകരിച്ചു. അടുത്തിടെ അയത്തിലെ നഗരസഭയുടെ സാമൂഹിക അടുക്കളയിലേക്ക് പലവ്യഞ്ജനങ്ങളും പച്ചക്കറികളും എം.ആർ. മണിയുടെ നേതൃത്വത്തിൽ നഗർ അംഗങ്ങൾ ശേഖരിച്ച് മേയർക്ക് കൈമാറി.
സ്വപ്നസൗധമായി തയ്യിൽ ഷോപ്പിംഗ് കോംപ്ലക്സ്
ഇപ്പോൾ മേവറം ജംഗ്ഷനിൽ ഉയർന്നുവരുന്ന തയ്യിൽ ഷോപ്പിംഗ് കോംപ്ലക്സ് എം.ആർ. മണിയുടെ വലിയ സ്വപ്നങ്ങളിലൊന്നാണ്. ഇരുപതിനായിരം ചതുരശ്രയടി വിസ്തീർണമുള്ള ഈ അഞ്ച് നില കോംപ്ലക്സ് ആറ് മാസത്തിനുള്ളിൽ പൂർത്തിയാകും. എല്ലാ നിലകളിലേക്കും ലിഫ്റ്റ്, വിശാലമായ കോൺഫറൻസ് ഹാൾ, അത്യാധുനിക ടോയ്‌ലെറ്റുകൾ, കഫെറ്റേരിയ, അയ്യായിരം ചതുരശ്രയടി പാർക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
കുടുംബം
ഭാര്യ അംബിക തന്നെയാണ് കൊല്ലൂർവിളയിലെ എം.ആർ. മണിയുടെ വസതിയായ സംതൃപ്തിയിലെ നിലവിളക്ക്. മൂത്തമകൾ തൃപ്തി കൊല്ലൂർവിള സഹകരണ ബാങ്ക് അക്കൗണ്ടന്റാണ്. ഭർത്താവ് അനോൺ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ്. രണ്ടാമത്തെ മകൻ ഷൈൻരാജ് തയ്യിൽ ഗ്രൂപ്പിന്റെ മനോജിംഗ് പാർട്ണറും പുന്തലത്താഴത്തെ ഫൈനാൻസിംഗ് സ്ഥാപനത്തിന്റെ എം.ഡിയുമാണ്. ഷൈനിന്റെ ഭാര്യ ശ്രുതി കാനറ ബാങ്ക് ഉദ്യോഗസ്ഥയാണ്. ഇളയമകൾ ആർ.എ. ദീപ്തി വീട്ടമ്മയാണ്. ദീപ്തിയുടെ ഭർത്താവ് അജീഷ് വിദേശത്താണ്.