കൊല്ലം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർദ്ധന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 'വിദ്യാ സഹായ ഹസ്തം' എന്ന പേരിൽ പദ്ധതി നടപ്പാക്കുവാൻ പേരയം പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ബി.ആർ.സിയിൽ നിന്ന് തയ്യാറാക്കിയ പട്ടിക പ്രകാരം പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന 11 സ്‌കൂളുകളിലായി 142 കുട്ടികൾക്കാണ് ഓൺലൈൻ പഠന സൗകര്യമില്ലാത്തത്. ഇവരെ സഹായിക്കാനായി വ്യക്തികൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, ആരാധനാലയങ്ങൾ, വ്യാപാരി-വ്യവസായികൾ, അദ്ധ്യാപകർ, സർക്കാർ ജീവനക്കാർ തുടങ്ങിയവർ മുന്നോട്ടുവരണമെന്ന് പഞ്ചായത്ത് കമ്മിറ്റി അഭ്യർത്ഥിച്ചു. പുതിയവയ്ക്ക് പുറമെ ഉപയോഗയോഗ്യമായ പഴയ മൊബൈൽ ഫോണുകളും പദ്ധതിക്കായി നൽകാവുന്നതാണ്. സാമ്പത്തിക സഹായം നൽകുന്നവർക്ക് രസീത് നൽകും.

പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സോഫിയ ഐസക്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി. സുരേഷ്, രജിത സജീവ്, ചെറുപുഷ്പം, അംഗങ്ങളായ ആലീസ് ഷാജി, ബിനോയി ജോർജ്, പി. രമേശ് കുമാർ, ഷാജി വട്ടത്തറ, സിൽവിയ സെബാസ്റ്റ്യൻ, ബി. സ്റ്റാഫോർഡ്, എൻ. ഷേർളി, റേച്ചൽ ജോൺസൺ, വിനോദ് പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.