പുത്തൂർ : നെടുവത്തൂർ ഗ്രാമത്തിന്റെ മുഖശ്രീയാണ് മൂർത്തിക്കാവ് ജംഗ്ഷനിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രം. ജാതിമത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഇവിടെ ആരാധന നടത്താറുണ്ട്. ഉദ്ദിഷ്ഠ കാര്യങ്ങൾക്ക് ഗുരുദേവന് മുന്നിൽ കാണിയ്ക്ക അർപ്പിക്കാറുമുണ്ട്. ചിറക്കടവ് ദേവീക്ഷേത്രവും മൂർത്തിക്കാവുമൊക്കെ തൊട്ടടുത്തുതന്നെയുള്ളതിനാൽ പ്രദേശത്തിന് വേറിട്ടൊരു ആത്മീയ ചൈതന്യം നേരത്തേതന്നെയുണ്ടായിരുന്നു. എസ്.എൻ.ഡി.പി യോഗം നെടുവത്തൂർ 2519ാം നമ്പർ ശാഖയുടെ ഭാരവാഹികൾ ഗുരുമന്ദിരം നിർമ്മിക്കാൻ തീരുമാനമെടുത്തപ്പോൾ പൊതുസമൂഹത്തിന്റെ മുഴുവൻ പിന്തുണയും ലഭിച്ചു. 2002 മുതൽ 2009 വരെ ശാഖാഭാരവാഹികളും നൂറ്റമ്പതിൽപരം ശാഖാകുടുംബാംഗങ്ങളും കൂട്ടായി പരിശ്രമിച്ചാണ് ഗുരുമന്ദിരം യാഥാർത്ഥ്യമാക്കിയത്. 2009ൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഗുരുക്ഷേത്രമായി നാടിന് സമർപ്പിച്ചു. അതോടെ ശ്രീനാരായണ ഗുരുക്ഷേത്രം നാടിന്റെ ആത്മീയ ചൈതന്യമായി മാറി. നിത്യവും വിളക്കുതെളിച്ച് ആരാധന നടത്തുകയും വിശേഷ ദിനങ്ങളിൽ പ്രത്യേക പൂജയും ഭാഗവത പാരായണവുമൊക്കെ നടത്തുകയും ചെയ്യാറുണ്ടെന്ന് ശാഖാകമ്മിറ്റി പ്രസിഡന്റ് സി.വിക്രമൻ പറഞ്ഞു.
കൂട്ടായ പ്രവർത്തനത്തിലൂടെ ഒരുക്കിയത്
ശാഖാ കമ്മിറ്റി ഭാരവാഹികളുടെയും നൂറ്റമ്പതിൽപരം കുടുംബ അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് നെടുവത്തൂർ മൂർത്തിക്കാവ് ജംഗ്ഷനിലെ ശ്രീനാരായണ ഗുരുക്ഷേത്രം പൂർത്തിയാക്കിയത്. ഒട്ടേറെപ്പേർ ഇതിനായി സാമ്പത്തിക സഹായവും ലഭ്യമാക്കി. ഗുരുദേവ ചൈതന്യം നിറഞ്ഞുനിൽക്കുന്ന ഈ ആരാധനാലയം നാടിന്റെ ഐശ്വര്യമാണിപ്പോൾ. ഗുരുദേവ സാജനാണ് ഗുരുമന്ദിരം സമർപ്പിച്ചതെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. ഗുരുമന്ദിരത്തിനുവേണ്ടി സംഭാവന നൽകിയവരിൽ ഒരാൾ മാത്രമാണ് ഗുരുദേവ സാജൻ.
കെ.വേണു, സെക്രട്ടറി, നെടുവത്തൂർ ശാഖ