construction

കൊല്ലം: ജില്ലയിലെ നിർമ്മാണ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മേഖലയിലെ വിവിധ പ്രശ്നങ്ങൾ സംസ്ഥാന കമ്മിറ്റി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യോഗം പ്രമേയം പാസാക്കി.

സി.എം.എൽ.ആർ വർക്കുകളുടെ 2021 മാർച്ച് 15ന് ശേഷമുള്ള തുക ഇതുവരെ നൽകിയിട്ടില്ല, ഇറിഗേഷൻ വർക്കുകർക്ക് ബിൽ ഡിസ്‌കൗണ്ട് കൊടുക്കുന്നില്ല, തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർമ്മാണ സാമഗ്രികൾ ലഭ്യമാക്കിയതിന്റെ തുക ആറുമാസമായി കൊടുത്തിട്ടില്ല, പാറ ഉത്പന്നങ്ങൾക്കും സിമന്റ്, കമ്പി മുതലായവയുടെ വില ക്രമാതീതമായി വർദ്ധിച്ചു തുടങ്ങിയ പ്രതിസന്ധികൾ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് എസ്. ബൈജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ദിലീപ്കുമാർ, ട്രഷറർ ഹരി, എൻ.ടി. പ്രദീപ്, സുനിൽ ദത്ത്, സുരേഷ് കുമാർ, സലിം, ഗോപി, അനിൽകുമാർ, ശിബി, അനീഷ് തുടങ്ങിയവർ സംസാരിച്ചു.