photo
നിർമ്മാണം കഴിഞ്ഞിട്ടും പ്രവർത്തന രഹിതമായിക്കിടക്കുന്ന കരുനാഗപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡ്

നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു

കരുനാഗപ്പള്ളി: നിർമ്മാണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും കരുനാഗപ്പള്ളി മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പ്രവർത്തിപ്പിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 6 വർഷത്തിനുള്ളിൽ 5. 30 കോടി രൂപയാണ് ബസ് സ്റ്റാൻഡിനായി കരുനാഗപ്പള്ളി നഗരസഭ ചെലവഴിച്ചത്. കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം ഒരേക്കർ വസ്തു വിലയ്ക്ക് വാങ്ങിയാണ് സ്റ്റാൻഡ് നിർമ്മിച്ചത്. വസ്തുവിന് മാത്രം 3. 75 കോടി രൂപയും രജിസ്ട്രേഷൻ ഫീസായി 24 ലക്ഷം രൂപയുമാണ് നഗരസഭ ചെലവിട്ടത്. കരുനാഗപ്പള്ളി നഗരസഭയിലെ പ്രഥമ മുനിസിപ്പൽ കൗൺസിലാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ശാസ്ത്രീയമായ സാദ്ധ്യതാപഠനം നടത്താതെയാണ് സ്റ്റാൻഡിന് വേണ്ടി ഭൂമി വാങ്ങിയതെന്ന് തുടക്കത്തിലേ ആക്ഷേപമുണ്ടായിരുന്നു. ഭൂമിയിൽ 36 സെന്റോളം വെള്ളെക്കെട്ടായിരുന്നു. കഴിഞ്ഞ മുനിസിപ്പൽ കമ്മിറ്റി അപ്രോച്ച് റോഡിന്റെ പുനരുദ്ധാരണം, യാർഡ് നിർമ്മാണം എന്നിവയ്ക്കായി 40 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. ഇത്രയും വലിയ തുക ചെലവിട്ടിട്ടും ബസ് സ്റ്റാൻഡിന്റെ പ്രയോജനം നാട്ടുകാർക്ക് ലഭിച്ചിട്ടില്ല.

102 പ്രൈവറ്റ് ബസുകൾ

കരുനാഗപ്പള്ളിയിൽ നിന്ന് 102 പ്രൈവറ്റ് ബസുകളാണ് കൊവിഡിന് മുമ്പ് വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ 50തിൽ താഴെ ബസുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന മുറയ്ക്ക് കൂടുതൽ ബസുകൾ സർവീസ് ആരംഭിക്കും. കരുനാഗപ്പള്ളിയെ മലയോര മേഖലയുമായി ബന്ധപ്പെടുത്തുന്നത് സ്വകാര്യ ബസുകളാണ്. കിഴക്കൻ മേഖലയിൽ നിന്ന് മലഞ്ചരക്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ കരുനാഗപ്പള്ളിയിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും പ്രൈവറ്റ് ബസുകൾതന്നെ.

ട്രാഫിക് അഡ്വൈസറി കമ്മിറ്റി

ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി നിരവധി തവണ ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൂടിയെങ്കിലും തീരുമാനത്തിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കെ.എസ്.ആർ.ടി.സി ബസുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കടക്കണമെന്ന നിർദേശം കെ.എസ്.ആർ.ടി.സി അധികൃതർ തുടക്കത്തിലേ തള്ളിയിരുന്നു. ഇതും സ്റ്റാൻഡിന്റെ പ്രവർത്തനം നീളാൻ കാരണമായി.

യാത്രക്കാർ പറയുന്നത്

നാട്ടുകാർ നികുതിപ്പണമായി നൽകിയ കോടികളാണ് നഗരസഭാ അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മ മൂലം പാഴായിപ്പോകുന്നതെന്നാണ് യാത്രക്കാരുടെ ആക്ഷേപം. സ്റ്റാൻഡിലേക്ക് വാഹനങ്ങൾക്ക് കയറാനും ഇറങ്ങാനും ഒരു വഴിമാത്രമാണുള്ളത്. ഇതുമൂലം മാർക്കറ്റിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കരുനാഗപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡ്

സ്റ്റാൻഡ് നിർമ്മാണത്തിനായി വാങ്ങിയത് - 1 ഏക്കർ ഭൂമി

6 വർഷത്തിനുള്ളിൽ ചെലവഴിച്ചത് - 5. 30 കോടി രൂപ

വസ്തുവിന് മാത്രം ചെലവാക്കിയ തുക - 3. 75 കോടി രൂപ

രജിസ്ട്രേഷൻ ഫീസായി ചെലവിട്ട തുക - 24 ലക്ഷം രൂപ