കൊല്ലം: ബൈപ്പാസിലെ ടോൾ പിരിവ് നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്രിയുടെ നേതൃത്വത്തിൽ ടോൾ പ്ളാസയിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. കൊവിഡ് മഹാമാരിയിൽ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ടോൾ പിരിവ് ആരംഭിച്ചത് കേന്ദ്ര സർക്കാരിന്റെ പകൽക്കൊള്ളയാണ്. മറ്റുള്ള സ്ഥലങ്ങളിൽ പത്ത് കിലോമീറ്ററിലധികം സൗജന്യ യാത്ര അനുവദിക്കുമ്പോൾ കൊല്ലം ബൈപ്പാസിൽ അഞ്ച് കിലോമീറ്ററായി പരിമിതപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും സജിലാൽ പറഞ്ഞു.
എ.സി.പി വിജയന്റെ നേതൃത്വത്തിൽ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പൊലിസ് സംഘം ടോൾ പ്ലാസയ്ക്ക് മുന്നിൽ പ്രവർത്തകരെ തടഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജഗത് ജീവൻ ലാലി, സംസ്ഥാന കമ്മിറ്റി അംഗം വിനീത വിൻസെന്റ്, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ വി. വിനേഷ്, ആർ. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. വി.ആർ. ആനന്ദ്, അഭിഷേക്, മഹേഷ്, ഷൈൻ ഷെമീർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.