4-

കൊല്ലം: കഴിഞ്ഞദിവസം ശാസ്‌താംകോട്ടയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച വിസ്മയ.വി. നായരുടെ മരണത്തിനുത്തരവാദിയായ ഭർത്താവിനെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് മന്ത്രി ആന്റണി രാജു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ നടപടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. നിലമേലുള്ള വിസ്മയയുടെ വസതിയിലെത്തി മാതാപിതാക്കളെ കണ്ടശേഷമാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ നടപടി ആവശ്യപ്പെട്ടത്.

സ്ത്രീധനത്തെ ചൊല്ലി നിരന്തരമായി വഴക്കുണ്ടാകുകയും കൊടിയ പീഡനങ്ങൾ അനുഭവിച്ചതിനെയും തുടർന്ന് കഴിഞ്ഞദിവസം ഭർതൃവീട്ടിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്‌ലെറ്റിൽ വിസ്മയ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഭർത്താവ് പോരുവഴി അമ്പലത്തുംഭാഗം ശാസ്‌താംനട ചന്ദ്രഭവത്തിൽ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കിരൺ കുമാറിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മരണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് വകുപ്പ്തല നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.