ഇരവിപുരം: വീടുകയറി ആക്രമണം നടത്തിയ ശേഷം ഒളിവിൽപ്പോയ സംഘത്തിലെ രണ്ടുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ സുരഭി നഗർ 196 ഉത്രത്തിൽ മാധവിനെയും (20) കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ അയത്തിൽ ഗോപാലശേരി മലയാളം നഗർ 45 സരസമ്മ ഭവനിൽ വിഷ്ണു (29), മലയാളം നഗർ 42 അഖിൽ നിവാസിൽ അഖിൽ (34) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കായി പൊലീസ് തെരച്ചിൽ നടത്തിവരികയാണ്.
ഇക്കഴിഞ്ഞ മേയ് മൂന്നിന് രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കാറിൽ മാരകായുധങ്ങളുമായി എത്തിയ സംഘം മാധവിനെ വീടുകയറി ആക്രമിച്ചു. ഫേസ്ബുക്കിലൂടെ മോശം സന്ദേശമയച്ചെന്ന് ആരോപിച്ചായിരുന്ന ആക്രമണം. തടസം പിടിക്കാനെത്തിയ മാധവിന്റെ മാതാപിതാക്കളെയും സഹോദരിയെയും ആക്രമിച്ച സംഘം കാറിൽ കയറി രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരുന്നു. പ്രധാന പ്രതികളായ വിഷ്ണുവിനെയും അഖിലിനെയും കുറിച്ച് കൊല്ലം എ.സി.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഒളിത്താവളത്തിൽ നിന്ന് ഇവരെ പിടികൂടിയത്.
ഇരവിപുരം എസ്.എച്ച്.ഒ ധർമ്മജിത്ത്, എസ്.ഐമാരായ ദീപു, സജികുമാർ, ഷിബു പീറ്റർ, ഷാജി, ജയകുമാർ, ദിനേശ് കുമാർ, എസ്.ഐ.ട്രെയിനി വിപിൻ, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.