കുണ്ടറ: പിതാവിന്റെ ചരമവാർഷിക ദിനത്തിൽ നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കി ജീവകാരുണ്യ പ്രവർത്തകന്റെ സഹായം. ചന്ദനത്തോപ്പ് കുഴിയാല മുമ്പാലക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന അംബുജി വിലാസത്തിൽ വിജയകുമാറിന്റെ മക്കൾക്കാണ് ഓൺലൈൻ പഠനത്തിനായി ജനതാദൾ നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഗുരുദേവ സാജൻ മൊബൈൽ ഫോണുകൾ വാങ്ങിനൽകിയത്.
2020 മാർച്ചിൽ കേരളപുരത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ സാരമായ പരിക്കേറ്റതിനെത്തുടർന്ന് ജോലിക്ക് പോകാനാകാത്ത അവസ്ഥയിലാണ് വിജയകുമാർ. ഇതിനിടെ ഭാര്യ മീനയ്ക്ക് കൊവിഡും തുടർന്ന് ചിക്കൻപോക്സും പിടിപെട്ടതോടെ ദുരിതജീവിതം നയിക്കുകയാണ് ഈ കുടുംബം. ഈ സാഹചര്യത്തിൽ മൂന്നിലും അഞ്ചിലും പഠിക്കുന്ന മക്കൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യമൊരുക്കി നൽകാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല.
വേണു ബ്ളഡ് ഡൊണേഷൻ പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥികളെ സഹായിക്കാൻ ഗുരുദേവ സാജൻ തീരുമാനിച്ചു. തുടർന്ന് പിതാവ് ഗുരുദേവ ശിശുപാലന്റെ ചരമവാർഷിക ദിനമായ ഇന്നലെ അദ്ദേഹം മൊബൈൽ ഫോണുകളുമായി വിജയകുമാറിന്റെ വീട്ടിലെത്തി. സി.പി.എം കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാർ ഫോണുകൾ വിജയകുമാറിന് കൈമാറി. ഡാറ്റാ ചാർജ് ചെയ്യാനുള്ള തുകയും നൽകി. അഭിലാഷ് സി. തോമസ്, സജി കേരളപുരം, ശ്രീകുമാർ, വേണു ബ്ളഡ് ഡൊണേഷൻ ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.