കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയുടെ ഭർത്താവും കരുനാഗപ്പള്ളി മോട്ടോർ എൻഫോഴ്സ്‌മെന്റിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
അറസ്റ്റിലായ കിരൺകുമാറിന പൊലീസ് ഇന്നലെ ചോദ്യം ചെയ്തു. വിസ്മയയെ മർദ്ദിച്ചിരുന്നതായും മരണത്തിന്റെ തലേന്ന് മർദ്ദിച്ചിട്ടില്ലെന്നും പൊലീസിനോട് വെളിപ്പെടുത്തി.
ഈ വെളിപ്പെടുത്തലിന്റെയും വിസ്മയയുടെ മാതാപിതാക്കളും സഹോദരനും നൽകിയ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ കിരൺകുമാറിനെതിരെ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.
തിങ്കളാഴ്ച പുലർച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു. തുടർന്ന് വീട്ടിൽ പോകണമെന്ന് വിസ്മയ പറഞ്ഞു. മാതാപിതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് ടോയ്‌ലെറ്റിലേക്ക് പോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. വാതിൽ ചവിട്ടിത്തുറന്നപ്പോഴേക്കും ജീവനൊടുക്കിയ നിലയിലായിരുന്നുവെന്നാണ് കിരൺ മൊഴി നൽകിയത്.
വിസ്മയയെ ആശുപത്രിയിൽ എത്തിച്ച ശേഷം ഒളിവിൽ പോയ കിരണിനെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് തിങ്കളാഴ്ച രാത്രി 9 ഓടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ പോരുവഴിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ കിരണിനെ റിമാൻഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ ലഭിക്കാൻ ഇന്ന് അപേക്ഷ നൽകും.
ചടയമംഗലം നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ ത്രിവിക്രമൻ നായരുടെ മകൾ വിസ്മയ വി. നായരെ (24) തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കിരണിന്റെ ക്രൂരമർദ്ദനത്തെ തുടർന്നുണ്ടായ മുറിവുകളുടെ അടക്കം സഹോദരന് വാട്സ് ആപ്പ് ചെയ്ത ചിത്രങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുനൽകിയ മൃതദേഹം നിലമേലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഐ.ജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കും
വിസ്മയയുടെ മരണം അന്വേഷിക്കാൻ ഐ.ജി ഹർഷിത അട്ടല്ലൂരിയെ ഡി.ജി.പി ചുമതലപ്പെടുത്തി. ഐ.ജി ഇന്ന് കിരൺകുമാറിന്റെ വീട്ടിലെത്തി പരിശോധിക്കുന്നതിനൊപ്പം വിസ്മയയുടെ മാതാപിതാക്കളുമായും സംസാരിക്കും.
കൊലപാതകമെന്ന് ബന്ധുക്കൾ
വിസ്മയയുടെ ശരീരത്തിൽ തൂങ്ങിമരണത്തിന്റേതായ പരിക്കുകളല്ല ഉള്ളതെന്ന് സഹോദരൻ വിജേഷ് പറഞ്ഞു. തൂങ്ങിമരത്തിൽ കഴുത്തിന് മുകൾ ഭാഗത്താണ് പാടുകൾ വരിക. പക്ഷെ, കയർ മുറുകിയതിന്റെ അടയാളം കഴുത്തിന് താഴെയാണ്. വിസ്മയയുടെ കൈത്തണ്ടയിൽ ബ്ലേഡ് കൊണ്ടുള്ള മുറിവുണ്ട്. പക്ഷെ വസ്ത്രങ്ങളിൽ രക്തക്കറയുണ്ടായിരുന്നില്ല. എന്നാൽ, തുടയിൽ രക്തം പുരണ്ടിരുന്നു. കയർ മുറുകുമ്പോൾ സംഭവിക്കാറുള്ള മലമൂത്ര വിസർജ്ജനം നടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതായും വിജേഷ് പറഞ്ഞു.
''
വിസ്മയയുടേത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച് ഡോക്ടറിൽ നിന്ന് മൊഴിയെടുത്ത ശേഷം
കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പരിശോധിക്കും.
കെ.ബി. രവി
റൂറൽ എസ്.പി