photo
പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ സ്റ്റുഡൻസ് പൊലീസ് സ്ഥാപിച്ച പുസ്തകക്കൂട്

കൊല്ലം: പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പുസ്തക കൂട് സ്ഥാപിച്ചു. സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കും വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്കും വഴിയാത്രക്കാർക്കുമൊക്കെ പുസ്തക കൂട്ടിലെ പുസ്തകങ്ങൾ എടുത്തുവായിക്കാം. ഒരു പുസ്തകം വച്ചിട്ടേ ഒരെണ്ണം പുറത്തുകൊണ്ടുപോകുവാൻ പാടുള്ളൂവെന്ന് മാത്രം. ആർക്കും എപ്പോൾ വേണമെങ്കിലും പ്രയോജനപ്പെടുത്താനുപകരിക്കുംവിധം പുസ്തകക്കൂട് പൂട്ടില്ല. ഇന്ന് രാവിലെ 10.30ന് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.അശോക് കുമാർ പുസ്തക കൂട് ഉദ്ഘാടനം ചെയ്യും. ഇവിടേക്ക് ആവശ്യമായ പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമായിട്ടുണ്ടെന്നും ആഴ്ചതോറും പുസ്തകങ്ങൾ മാറ്റി അടുത്തത് വയ്ക്കാനാണ് തീരുമാനമെന്നും എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ വി.റാണി അറിയിച്ചു.