photo

കൊല്ലം: ഭർത്താവും അച്ഛനും ഉൾപ്പെടെ വീട്ടിലുള്ളപ്പോഴാണ് ഇരുചെവിയറിയാതെ കല്ലുവാതുക്കൽ കുരിശുംമൂട് ഊഴായിക്കോട് പേഴുവിള വീട്ടിൽ രേഷ്മ പ്രസവിച്ചത്. പേറ്റുനോവിന്റെ വേദനയകലും മുമ്പ് കാമുകനൊപ്പം പോകാൻ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച മാതാവിനെക്കുറിച്ചുള്ള വാർത്തകൾ ഞെട്ടലോടെയാണ് ബന്ധുക്കളും നാട്ടുകാരും ഉൾക്കൊള്ളുന്നത്.

വിവാഹം കഴിഞ്ഞ് രണ്ടര മാസമെത്തിയപ്പോഴായിരുന്നു രേഷ്മയുടെ ആദ്യപ്രസവം. ഭർത്താവായ വിഷ്ണുവുമായി വിവാഹത്തിന് മുമ്പുണ്ടായിരുന്ന ബന്ധത്തിൽ ഗർഭിണിയായ രേഷ്മയെ അന്നാരും കുറ്റപ്പെടുത്തിയില്ല. വിദേശത്ത് ജോലി ചെയ്തിരുന്ന വിഷ്ണു ഇടയ്ക്ക് നാട്ടിലെത്തിയിരുന്നു. ഇതിനിടെ ഗർഭിണിയായ രേഷ്മ ഇക്കാര്യം മറച്ചുവച്ചു.

ഭർത്താവ് വിദേശത്തേക്ക് മടങ്ങുമ്പോൾ കാമുകനുമായി ഒളിച്ചോടാനുള്ള തയ്യാറെടുപ്പിലായിരുന്നു രേഷ്മ. കാമുകനുമൊന്നിച്ചുള്ള ജീവിതത്തിൽ വിലങ്ങുതടിയാകുമെന്ന ചിന്തയിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

സ്വന്തം ചോരയെന്ന് അറിയാതെ

പൊക്കിൾക്കൊടി മുറിച്ച് പിതാവ്

ജനുവരി 5ന് പുലർച്ചെ നാലോടെ രേഷ്മയുടെ അച്ഛനാണ് ആദ്യം കുഞ്ഞിന്റെ ശബ്ദം കേട്ടത്. പൂച്ചയുടെ ശബ്ദം പോലെ തോന്നിയതിനാൽ അവിടെക്കണ്ട പൂച്ചയെ അദ്ദേഹം കല്ലെറിഞ്ഞ് ഓടിച്ചു.

ആറരയോടെ രേഷ്മയോടൊപ്പം മുറ്റത്തേക്കിറങ്ങിയ വിഷ്ണു പല്ലുതേച്ചുകൊണ്ട് നിന്നപ്പോൾ കുഞ്ഞിന്റേത് പോലുള്ള ശബ്ദം കേട്ടു. ഓടിച്ചെന്ന് നോക്കിയപ്പോൾ കരിയിലക്കൂട്ടത്തിൽ കുഞ്ഞിനെ കണ്ടെത്തി. പൊക്കിൾക്കൊടി വേർപ്പെട്ടിട്ടില്ലാത്ത നിലയിലായിരുന്നു കുഞ്ഞ്. സ്വന്തം ചോരയാണെന്ന് അറിയാതെ വിഷ്ണു നൂലുചുറ്റി പൊക്കിൾക്കൊടി വേർപെടുത്തി. ഉടൻ പൊലീസിനെ വിവരം അറിയിച്ചു.

ഇതൊക്കെ നടക്കുമ്പോഴും താൻ മണിക്കൂറുകൾക്ക് മുമ്പ് പ്രസവിച്ച കുഞ്ഞാണെന്ന യാതൊരു ഭാവവ്യത്യാസവും രേഷ്മ കാണിച്ചില്ല. കുഞ്ഞ് മരിച്ച വാർത്തയറിഞ്ഞിട്ടും സാധാരണയ്ക്കപ്പുറം രേഷ്മ പ്രതികരിച്ചിരുന്നില്ലെന്ന് അയൽക്കാർ പറയുന്നു.