sss-
ഹാഷിമിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മകൻ നാസർ എസ്.എസ്. സമിതിയിൽ എത്തിയപ്പോൾ. സമിതി മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ, ഹാഷിമിന്റെ സഹോദരൻ റഹിം എന്നിവർ സമീപം

കൊല്ലം: വീടുവിട്ടിറങ്ങി അലഞ്ഞുതിരിഞ്ഞ് നടക്കവേ പൊലീസ് ഇടപെട്ട് മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ എത്തിച്ച ഗൃഹനാഥൻ നാലുവർഷത്തിന് ശേഷം നാട്ടിലേക്ക്. തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിയായ ഹാഷിമാണ് കഴിഞ്ഞ ദിവസം മകനും സഹോദരനും ഒപ്പം വീട്ടിലേക്ക് മടങ്ങിയത്.

2018 ആഗസ്റ്റിൽ കൊട്ടിയത്തെ മുസ്ളിം പള്ളിയിൽ അവശനിലയിൽ കണ്ടെത്തിയ ഹാഷിമിനെ കൊട്ടിയം പൊലീസാണ് എസ്.എസ് സമിതിയിലെത്തിച്ചത്. ആംഗ്യഭാഷയിൽ മാത്രം ആശയവിനിമയം നടത്തിയിരുന്നതിനാൽ ഹാഷിമിന് സംസാരശേഷിയില്ലെന്നാണ് പൊലീസും സമിതി അധികൃതരും കരുതിയിരുന്നത്. രണ്ട് വർഷം മുമ്പ് കേന്ദ്രത്തിലെ മറ്റൊരു അന്തേവാസിയുമായി ഹാഷിം സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു.

തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിയാണ് താനെന്നും ഏക മകൻ വിദേശത്താണെന്നും ഹാഷിം പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബീമാപ്പള്ളിയിൽ ഇദ്ദേഹത്തിന് ഭാര്യയും വിവാഹിതരായ മൂന്ന് പെൺമക്കളുമുണ്ടെന്നും മനസിലായി.

എസ്.എസ് സമിതി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ലീവിന് നാട്ടിലെത്തിയ ഹാഷിമിന്റെ മകൻ നാസറും സഹോദരൻ റഹീമും കഴിഞ്ഞ ദിവസം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാൻ എത്തുകയായിരുന്നു. സമിതി മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിൽ ഹാഷിമിന് യാത്രഅയപ്പ് നൽകി.